റിയാദ്: ജിസിസി രാജ്യങ്ങളില്‍ താമസിക്കുന്നവർക്ക് ഇനി ടൂറിസ്റ്റ് വിസയില്‍ സൗദി സന്ദര്‍ശിക്കാം. ജിസിസി രാജ്യങ്ങളിലെ പൗരന്മാര്ക്കും ജിസിസി റെസിഡന്‍സ് വിസയുള്ള പ്രവാസികള്‍ക്കും സൗദി സന്ദര്‍ശിക്കാമെന്ന് സൗദി ടൂറിസം മന്ത്രാലയം അറിയിച്ചു. ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ നിശ്ചിത തൊഴില്‍ മേഖലയില്പെട്ടവരാകണം എന്ന നിബന്ധന മന്ത്രാലയം റദ്ദാക്കി. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി വിസയ്ക്ക് അപേക്ഷിക്കാം.വിസ ഇഷ്യൂ ചെയ്ത ദിവസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള മള്‍ട്ടിപ്പിള്‍ ടൂറിസ്റ്റ് വിസയില്‍ തൊണ്ണൂറ് ദിവസം വരെ സൗദിയില്‍ കഴിയാം. തൊണ്ണൂറ് ദിവസത്തെ കാലാവധിയുള്ള സിംഗിള്‍ എന്‍ട്രി വിസയില്‍ മുപ്പത് ദിവസം വരെയും സൗദിയില്‍ കഴിയാം. പാസ്പോര്‍ട്ടിന് ചുരുങ്ങിയത് ആറുമാസത്തേയും വിസക്ക് മൂന്നുമാസത്തെയും കാലാവധി വേണം. പതിനെട്ട് വയസ്സിന് താഴെയുള്ളവർക്ക് രക്ഷിതാക്കൾക്കൊപ്പം മാത്രമേ വിസയ്ക്ക് അപേക്ഷിക്കാന്‍ സാധിക്കൂ.