സലാല തീരത്തിനടുത്ത് ചരക്കു കപ്പല്‍ കത്തിനശിച്ചു

സലാല: ദോഫാര്‍ ഗവര്‍ണറേറ്റിലെ സലാല തീരത്തിനടുത്ത് ചരക്കു കപ്പല്‍ കത്തിനശിച്ചു. സംഭവത്തില്‍ ഇന്ത്യക്കാരായ ഒന്‍പത് കപ്പല്‍ ജീവനക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. രക്ഷപ്പെട്ട ഏഴു പേര്‍ ഗുജറാത്ത് സ്വദേശികളും രണ്ടു പേര്‍ ഉത്തര്‍പ്രദേശ് സ്വദേശികളുമാണ്. ഒരു സ്വദേശി പൗരനാണ് അപകടത്തില്‍പ്പെട്ട കപ്പലില്‍ നിന്നും ഒന്‍പതു പേരെയും രക്ഷപ്പെടുത്തിയത്.ദുബായില്‍ നിന്നും സൊമാലിയയിലേക്ക് വാഹനങ്ങള്‍ എത്തിക്കുകയായിരുന്ന ദുഅ അല്‍ ജദഫ് എന്ന ചരക്കു കപ്പലാണ് പൂര്‍ണമായും കത്തി നശിച്ചത്. കപ്പലിലുണ്ടായിരുന്ന എണ്‍പതോളം കാറുകള്‍ തീപിടിത്തത്തില്‍ കത്തിനശിച്ചു. കപ്പലില്‍ നിന്നു രക്ഷപ്പെട്ടവരുടെ നിയമ നടപടികള്‍ പുരോഗമിക്കുകയാണെന്നു സലാലയിലെ എംബസി കോണ്‍സുലാര്‍ ഏജന്റ് കെ. സനാതനന്‍ അറിയിച്ചു.