കേരളത്തില്‍ നവംബര്‍ 14 വരെ വ്യാപക മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് കിഴക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നിലകൊള്ളുന്ന ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറിയിട്ടുണ്ട്. നവംബര്‍ 12 രാവിലെ വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച് തമിഴ്നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങുകയും തുടര്‍ന്ന് നവംബര്‍ 12 , 13 തീയതികളില്‍ പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയില്‍ തമിഴ്നാട് – പുതുച്ചേരി, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെ ഫലമായാണ് വ്യാപക മഴ പ്രതീക്ഷിക്കുന്നത്.