സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എലിപ്പനി അടക്കമുള്ള മാരക രോഗങ്ങളില്‍ മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധര്‍. മാരക രോഗങ്ങളില്‍ ജാഗ്രതയും പ്രതിരോധവും അത്യാവശ്യമാണ്. മഴമൂലം രൂപപ്പെടുന്ന വെള്ളക്കെട്ടുകളും, വെള്ളപ്പൊക്ക ഭീഷണികള്‍ മൂലം ക്യാമ്പുകള്‍ പ്രവര്‍ത്തനം ആരംഭിച്ചതും രോഗം പടരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കുക.
മീന്‍ പിടിക്കുന്നതിനായി പാടത്തും കുളത്തിലുമുള്ള ചെളിവെള്ളത്തില്‍ ഇറങ്ങുന്നതും മുറിവുള്ളപ്പോള്‍ മലിനജലവുമായി സമ്പര്‍ക്കം ഉണ്ടാകുന്നതും എലിപ്പനിക്ക് കാരണമാകും. അതിനാല്‍ ഇത്തരം പ്രവര്‍ത്തിയില്‍ ഏര്‍പ്പെടുന്നവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഡോക്സി സൈക്ലിന്‍ അടക്കമുള്ള പ്രതിരോധമരുന്ന് കഴിക്കുകയും മലിന ജലവുമായി സമ്പര്‍ക്കമുണ്ടായാല്‍ സോപ്പുപയോഗിച്ച് ശരീരം വൃത്തിയായി കഴുകുകയും ചെയ്യണം.
കുട്ടികളെ മീന്‍പിടിക്കുന്നതിനായി മലിനജലത്തില്‍ ഇറങ്ങാന്‍ അനുവദിക്കരുത്. സ്ഥിരമായി പാടത്തും പറമ്പിലും പണിയെടുക്കുന്നവര്‍ ഓടകളും കുളങ്ങളും കിണറുകളും കനാലുകളും മറ്റും വൃത്തിയാക്കുന്നവര്‍, പുല്ല് ചെത്തുന്നവര് തുടങ്ങിയവര്‍ ആഴ്ചയിലൊരിക്കല്‍ സര്‍ക്കാര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം പ്രതിരോധ ഗുളിക കഴിക്കണം. മലിനജലത്തില്‍ കുളിയ്ക്കുകയോ കൈകാലുകളും മുഖവും കഴുകുകയോ ചെയ്യരുത്.
പെട്ടെന്നുണ്ടാകുന്ന ശക്തമായ പനിയും വിറയലും, ശക്തമായ തലവേദന, കാല്‍മുട്ടിന് താഴെയുള്ള പേശികളിലും നടുവിനും വേദന, കണ്ണിന് ചുവപ്പുനിറം, കണ്ണുകള്‍ ചുവന്ന് വീര്‍ക്കുക, മൂത്രം മഞ്ഞ നിറമാകുക, വിശപ്പില്ലായ്മ, ഛര്‍ദ്ദി തുടങ്ങിയവ എലിപ്പനിയുടെ ലക്ഷണങ്ങളാണ്. എല്ലാവര്ക്കും എല്ലാ ലക്ഷണങ്ങളും കാണണമെന്നില്ല. ആയതിനാല്‍ രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ വൈദ്യ സഹായം തേടുക. ഓര്‍ക്കുക, വൈകുന്ന ഓരോ നിമിഷത്തിനും ഒരു ജീവന്റെ വിലയുണ്ടാകാം.