അശരണരായ വിധവകൾക്ക് അഭയവും സംരക്ഷണവും നൽകുന്ന പദ്ധതിയാണ് അഭയകിരണം. 2017-18 വർഷം മുതൽ സംസ്ഥാനത്ത് നടപ്പാക്കിവരുന്നു. സ്വന്തമായി താമസിക്കാൻ നിവൃത്തിയില്ലാത്ത ബന്ധുക്കളുടെ ആശ്രയത്തിൽ ജീവിക്കുന്ന വിധവകളെ സംരക്ഷിക്കുന്നവർക്കാണ് അഭയകിരണത്തിലൂടെ സഹായം ലഭിക്കുന്നത്.
സാധുക്കളായ വിധവകൾക്ക് അഭയസ്ഥാനം നൽകുന്ന ബന്ധുവിന് പ്രതിമാസം 1000 രൂപ അനുവദിക്കുന്നു. www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിലെ നിർദ്ദേശങ്ങൾക്ക് അനുസരിച്ച് അപേക്ഷിക്കാം. 2020-2021ൽ സംസ്ഥാനത്ത് 930 ഗുണഭോക്താക്കൾക്കായി 1.42 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്.
സംരക്ഷിക്കപ്പെടുന്ന വിധവകൾക്ക് 50 വയസ്സിനു മുകളിൽ പ്രായമുള്ളവരായിരിക്കണം. പ്രായം തെളിയിക്കാനായി സ്കൂൾ സർട്ടിഫിക്കറ്റ്/ ഇലക്ഷൻ ഐഡി/ ആധാർ/ റേഷൻ കാർഡ് എന്നിവയിലേതെങ്കിലും സമർപ്പിക്കണം.
വിധവകളുടെ വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ കവിയാൻ പാടില്ല. വില്ലേജ് ഓഫീസറിൽനിന്നും വാങ്ങുന്ന വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. മുൻഗണന വിഭാഗം/ബിപിഎൽ വിഭാഗത്തിൽപ്പെടുന്നവർക്ക് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ട. റേഷൻ കാർഡിന്റെ കോപ്പി സമർപ്പിക്കണം.
വിധവകൾ സർവീസ് പെൻഷൻ/കുടുംബ പെൻഷൻ എന്നിവ കൈപ്പറ്റുന്നവരാകരുത്. പ്രായപൂർത്തിയായ മക്കളുള്ള വിധവകൾക്ക് ഈ സഹായത്തിന് അർഹതയില്ല. അപേക്ഷകൻ ക്ഷേമപെൻഷനുകളോ വനിതാ ശിശു വികസന വകുപ്പ് നടപ്പാക്കി വരുന്ന മറ്റ് ധനസഹായമോ ലഭിക്കുന്നവരായിരിക്കരുത്.
സ്വന്തമായി താമസിക്കുന്നതിനു ചുറ്റുപാടില്ലാതെ ബന്ധുക്കളുടെ ആശ്രയത്തിൽ കഴിയുന്ന വ്യക്തിയാണെന്നും വിധവയാണെന്നും തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധി/വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി നൽകിയിരിക്കണം. ഏതെങ്കിലും സ്ഥാപനത്തിൽ താമസക്കാരിയായി കഴിയുന്ന വിധവകൾ അഭയകിരണം വഴിയുള്ള ധനസഹായത്തിന് അർഹരല്ല.