കുട്ടികളുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ സ്‌കൂളില്‍ അധ്യാപകനെ ചുമതലപ്പെടുത്താന്‍ സര്‍ക്കാര്‍

കുട്ടികളുടെ ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സ്‌കൂളുകളില്‍ ഒരു അധ്യാപകനെ ചുമതലപ്പെടുത്തുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കുട്ടികളില്‍ ടൈപ്പ് വണ്‍ പ്രമേഹം വര്‍ധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ രക്ഷിതാക്കളുടെ നിവേദന പ്രകാരം ഇന്‍സുലിന്‍ കുത്തിവെയ്പ്പിനു സൗകര്യമാകുന്ന രീതിയില്‍ ഒരു ക്ലാസ്റൂം സജ്ജമാക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കോവിഡ് കാലത്തിനു ശേഷം സ്‌കൂള്‍ തുറന്നപ്പോള്‍ പുറത്തിറക്കിയ മാര്‍ഗരേഖ പാലിച്ചാകും ഇത്തവണയും വിദ്യാലയങ്ങള്‍ തുറക്കുകയെന്നു മന്ത്രി പറഞ്ഞു. വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം, കൈകള്‍ സാനിറ്റൈസ് ചെയ്യണം. മെയ് 27, 28, 29 തീയതികളില്‍ സംസ്ഥാനത്ത് പ്രാദേശിക അടിസ്ഥാനത്തില്‍ കുട്ടികള്‍ക്ക് വാക്സിന്‍ യജ്ഞം സംഘടിപ്പിക്കും. ആശുപത്രികള്‍, പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ തുടങ്ങിയവ വഴി വാക്സിനേഷന്‍ നടത്താം. സ്‌കൂള്‍ തുറക്കുന്ന ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ വാക്സിന്‍ ലഭിക്കാത്ത കുട്ടികളുടെ കണക്കെടുത്ത് സ്‌കൂളില്‍ത്തന്നെ വാക്സിന്‍ നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

എസ്എസ്എല്‍സി പരീക്ഷാ മാന്വല്‍ തയ്യാറാക്കുന്നതിനു വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. എസ്ഇആര്‍ടിക്കാണ് ഇതിന്റെ ചുമതല നല്‍കിയിരിക്കുന്നത്. പുതിയ പരീക്ഷാമാന്വലിന്റെ അടിസ്ഥാനത്തിലാകും അടുത്ത എസ്എസ്എല്‍സി പരീക്ഷ നടത്തുകയെന്നും മന്ത്രി പറഞ്ഞു.