എറണാകുളം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഹീമോഫീലിയ രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ നല്കുന്നു. പതിനെട്ട് വയസ്സിന് മുകളിലുള്ള ഹീമോഫീലിയ രോഗികളില്‍ രക്തസ്രാവമുള്ളവര്‍, അംഗവൈകല്യമുള്ളവര്‍ എന്നിവരില്‍ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കൂടാതെ ഹീമോഫീലിയ രോഗികളില്‍ 5 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ലോകത്തിലെ തന്നെ ഏറ്റവും ആധുനികമായ പ്രതിരോധ കുത്തിവയ്പായ എമിസിസുമാബ് നല്‍കാനും പദ്ധതി മൂലം കഴിയുന്നു. അറുപതിനായിരം രൂപ ചെലവ് വരുന്ന തൊലിക്കടിയില്‍ നല്കുന്ന ഇന്‍സുലിന്‍ പോലുള്ള കുത്തിവയ്പാണ് ഇത്.
സംസ്ഥാനത്ത് ആദ്യമായിട്ടാണ് ഈ പദ്ധതി വരുന്നത്.1.2 കോടി രൂപയാണ് ഈ വര്‍ഷത്തില്‍ മാത്രമായി ജില്ലാപഞ്ചായത്ത് വിനിയോഗിക്കുന്നത്. 18 വയസ്സിന് മുകളിലുള്ള ദൈനം ദിനജീവിതത്തില് ബുദ്ധിമുട്ടുന്ന വൈകല്യമുള്ള തെരഞ്ഞെടുക്കപ്പെട്ട ഹീമോഫീലിയ രോഗികള്‍ക്ക് ഈ പദ്ധതി മൂലം സഹായം ലഭിക്കും. ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററിന്റെ എട്ടാം വാര്‍ഷികദിനത്തില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എ.യാണ് പദ്ധതി പ്രഖ്യാപിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു.18 വയസ്സിന് താഴെയുള്ള ഹീമോഫീലിയ രോഗികള്‍ക്ക് മരുന്നുകള്‍ സൗജന്യമായി നല്കുന്ന പദ്ധതിയും 2015 ല്‍ സംസ്ഥാനത്ത് ആദ്യം ആരംഭിച്ചത് എറണാകുളം ജില്ലാ പഞ്ചായത്താണ്. കഴിഞ്ഞ വര്‍ഷം മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ഈ പദ്ധതി ഏറ്റെടുക്കുകയും മറ്റ് ജില്ലകളില്‍ കൂടി വ്യാപിപ്പിക്കുകയും ചെയ്തു.
ശരീരത്തില്‍ രക്തം കട്ട പിടിക്കാതെ രക്തസ്രാവമുണ്ടാകുന്ന അവസ്ഥയാണ് ഹീമോഫീലിയ.ഇത്തരത്തില്‍ സന്ധികളില്‍ ഉണ്ടാകുന്ന രക്തസ്രാവം വികലാംഗത്വത്തിന് കാരണമാകും. രോഗികള്‍ക്ക് ഫാക്ടര്‍ നല്‍കിയാണ് ഇതിനെ നിയന്ത്രിക്കുന്നത്. ഹീമോഫീലിയ രോഗികളുടെ മരുന്നുകള്‍ക്ക് ഉയര്‍ന്ന വിലയാണ് നല്‍കേണ്ടിവരുന്നത്. കേരളത്തിലെ ഏക ഹീമോഫീലിയ ട്രീറ്റ്മെന്റ് സെന്ററാണ് ആലുവ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ ജോലി ചെയ്യുന്ന ഡോ.നീരജ് സിദ്ധാര്‍ത്ഥ്, ഡോ.രമ.ജി, ഡോ.ഗീത, ഡോ.ഷിജി ഫ്രാന്‍സിസ് എന്നിവര്‍ സന്നദ്ധ പ്രവര്‍ത്തനത്തിലൂടെ എല്ലാ ശനിയാഴ്ച ദിവസങ്ങളിലും സെന്ററിലെത്തി രോഗികള്‍ക്ക് സൗജന്യസേവനം നല്കി വരുന്നു.
ഡോ.എന്‍.വിജയകുമാറാണ്സെന്ററിന്റെ ചുമതലയുള്ള മെഡിക്കല്‍ ഓഫീസര്‍. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.പ്രസന്നകുമാരിയുടെ നേതൃത്വത്തിലാണ് ജില്ലാ പഞ്ചായത്തിന്റെ പ്രോജക്ട് നടപ്പിലാക്കുന്നത്.ഹീമോഫീലിയ രോഗികള്‍ക്കായുള്ള അക്വാറ്റിക് പൂള് ഇന്ത്യയില്‍ തന്നെ ആദ്യത്തേതാണ്. കോവിഡ് മഹാമാരിയുടെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി മാറുന്ന മുറയ്ക്ക് അക്വാറ്റിക് പൂള് ഹീമോഫീലിയ രോഗികള്‍ക്ക് തുറന്ന് കൊടുക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അറിയിച്ചു.