കൊല്ലം: അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയിലേക്ക് പിഎസ്സി നടത്തിയ പരീക്ഷയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചതില്‍ ക്രമക്കേടെന്ന് ആരോപണം. ഇതിനെതിരെ വ്യാപക പ്രതിഷേധവുമായി ഉദ്യോഗാര്‍ത്ഥികള്‍ രംഗത്ത് എത്തി.
ഇംഗ്ലീഷ് ഭാഷയില്‍ പരീക്ഷ എഴുതിയവരുടെ ഉത്തരക്കടലാസുകള്‍ മാത്രമാണ് മൂല്യനിര്‍ണയം നടത്തിയിരിക്കുന്നത് എന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന പ്രധാന ആക്ഷേപം. മലയാളത്തില്‍ പരീക്ഷ എഴുതിയവര്‍ ആരും തന്നെ പ്രധാന പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നും ആരോപണമുണ്ട്. സപ്ലിമെന്ററി പട്ടികയില്‍ ഒന്ന് രണ്ട് പേര് ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. പട്ടികയിലെ കുറവ് പരിഹരിക്കാനാകണം ഇതെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നു. മലയാള ഭാഷയ്ക്ക് ശ്രേഷ്ഠ ഭാഷയടക്കമുള്ള പദവിക്ക് വേണ്ടി വാദിക്കുന്നവരാണ് മലയാളം മാധ്യമമാക്കിയ ഉദ്യോഗാര്‍ത്ഥികളോട് ഈ വിവേചനം കാട്ടിയിരിക്കുന്നത്.
തസ്തികയിലേക്കുള്ള പരീക്ഷയ്ക്ക് വിജ്ഞാപനം വന്നത് മുതല്‍ ഇതിലുള്ള അസ്വഭാവികതകള്‍ ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഈ പരീക്ഷയ്ക്ക് അനുവദിച്ച ഉയര്‍ന്ന പ്രായപരിധി മുതലുള്ള അസ്വഭാവികതകളാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രധാനമായും ഉയര്‍ത്തുന്നത്. കേവലം ഡിഗ്രിയും പത്രപ്രവര്‍ത്തന പരിചയവും മാത്രമാണ് പി എസ് സി ആവശ്യപ്പെട്ടിരുന്ന യോഗ്യതകള്‍. പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും മറ്റ് പല വിഷയങ്ങളിലും ഡോക്ടറേറ്റും അടക്കമുള്ളവര്‍ പരീക്ഷയ്ക്ക് അപേക്ഷിക്കാന്‍ യോഗ്യരായിരുന്നു. 2017ല്‍ വിജ്ഞാപനം പുറത്ത് വന്ന പരീക്ഷ 2018ല്‍ കമ്പനി, ബോര്‍ഡ് അസിസ്റ്റന്റ് പരീക്ഷയുടെ കൂടെ ഒരു ഒഎംആര്‍ പരീക്ഷ നടത്തി. കമ്പനി, ബോര്‍ഡ് പരീക്ഷകളുടെ ഫലം വന്ന് നിയമനം നടന്നിട്ടും ഇതിന്റെ കാര്യത്തില്‍ പിഎസ്സിയുടെ ഭാഗത്ത് നിന്ന് യാതൊരു നീക്ക്പോക്കും ഉണ്ടായില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.