മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറഞ്ഞു: ഏഴ് ഷട്ടറുകള്‍ അടച്ചു

    ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരത്ത് 138.50 അടിയായി കുറഞ്ഞതിനെ തുടര്‍ന്ന് കൂടുതല്‍ ഷട്ടറുകള്‍ അടച്ചു. തമിഴ്‌നാട് പ്രവര്‍ത്തിപ്പിച്ചിരുന്ന ഏഴ് ഷട്ടറുകളും അടച്ചു. ഇടുക്കിയിലേക്ക് സ്പില്‍വേ വഴി ജലമെത്തിക്കുന്ന ഒരു ഷട്ടര്‍ മാത്രമാണ് നിലവില്‍ തുറന്നുപ്രവര്‍ത്തിക്കുന്നത്.

    അതിനിടെ, ബേബി ഡാം ബലപ്പെടുത്തുന്നതോടെ മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയര്‍ത്തുമെന്ന് തമിഴ്‌നാട് മന്ത്രി പ്രതികരിച്ചു. തമിഴ്‌നാട് ജലസേചന വകുപ്പുമന്ത്രി ദുരൈമുരുഗനാണ് ഇക്കാര്യം അറിയിച്ചത്.

    മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍നിന്നും 136 അടിയാക്കി താഴ്ത്തണമെന്ന കേരളത്തിന്റെ ആവശ്യം നിലനില്‍ക്കെയാണ് 152 അടിയായി ഉയര്‍ത്തുമെന്ന തമിഴ്‌നാട് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍നിന്നുള്ള അഞ്ചംഗ മന്ത്രിമാരുടെ സംഘം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ചിരുന്നു.