വാക്സീൻ ഇടവേളയിൽ ഇളവ് നൽകിയ സിംഗിൾ ബഞ്ച് നടപടി റദ്ധാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. കിറ്റെക്സ് കമ്പനി നൽകിയ ഹർജിയിലായിരുന്നു വാക്സീൻ ഇടവേള 28 ദിവസമായി കുറച്ചു കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.
കൊവീഷിൽഡ് വാക്സീന്റെ 12 ആഴ്ചത്തെ ഇടവേള നിശ്ചയിച്ചത് ശാസ്ത്രീയ പഠനത്തിന് ശേഷമാണെന്നും 28 ദിവസം കഴിഞ്ഞ് രണ്ടാം ഡോസ് വാക്സീൻ സ്വീകരിക്കുന്നത് ഫലപ്രദവും ശാസ്ത്രീയവുമല്ലെന്നും അതിനാൽ 28 ദിവസത്തെ ഇടവേള നൽകിയ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
കൃത്യമായ ഇടവേളയില്ലാതെ കൂടുതൽ ഡോസ് വാക്സീൻ നൽകുന്നത് ഫലപ്രദമല്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്നും ലോകാരോഗ്യ സംഘടനകളുടെ അടക്കം മാർഗനിർദ്ദേശം അടിസ്ഥാനമാക്കിയാണ് വാക്സീൻ പോളിസി നിശ്ചയിച്ചതെന്നും അപ്പീലിൽ കേന്ദ്രം വ്യക്തമാക്കുന്നു.