ഇന്‍ക്യുബേഷന്‍ കാലയളവായ 14 ദിവസം കഴിഞ്ഞ സാഹചര്യത്തിലും പുതിയ നിപ വൈറസ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തട്ടില്ലാത്തതിനാലും കോഴിക്കോട് കണ്ടെന്‍മെന്റ് വാര്‍ഡുകളിലെ നിയന്ത്രണങ്ങളില്‍ ഇളവ്. മെഡിക്കല്‍ ബോര്‍ഡിന്റേയും വിദഗ്ധ സമിതിയുടേയും നിര്‍ദേശ പ്രകാരമാണ് തീരുമാനം. നിപ വൈറസ് സ്ഥിരീകരിച്ച ചാത്തമംഗലം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് കണ്ടൈൻമെൻറ് സോൺ ആയിത്തന്നെ തുടരും.
രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും വീടുകളില്‍ തന്നെ കഴിയണമെന്ന് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം ഉണ്ട്. എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. ഒന്‍പതാം വാര്‍ഡ് ഒഴികെയുള്ള മറ്റ് പ്രദേശങ്ങളിലുള്ള കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും യാത്ര ചെയ്യാനും അനുവാദമുണ്ട്.
കണ്ടെന്‍മെന്റ് സോണില്‍ നിര്‍ത്തിവച്ചിരുന്ന വാക്സിനേഷന് ബുധനാഴ്ച മുതല്‍ പുനരാരംഭിക്കും. രോഗലക്ഷണമുള്ളവര്‍ ഒരു കാരണവശാലും വാക്സിനെടുക്കാന്‍ പൊകരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. നിപ സമ്പര്‍ക്കപ്പട്ടികയിലുള്ള 3 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി. ഇതോടെ 143 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്.