അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് വാക്സിനേഷന് സൗകര്യമൊരുക്കും: ആരോഗ്യമന്ത്രി വീണ ജോർജ്

കോളേജുകൾ തുറക്കുന്നതിനാൽ അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് കോവിഡ് വാക്സിനേഷന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോളേജുകളിലെത്തുന്നതിന് മുമ്പ് എല്ലാ വിദ്യാർത്ഥികളും കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും എടുക്കണമെന്നും രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ സമയമായവർ രണ്ടാമത്തെ ഡോസ് വാക്‌സിൻ സ്വീകരിക്കണമെന്നും ആരോഗ്യമന്ത്രി നിർദേശിച്ചു.

വിദ്യാർത്ഥികൾക്ക് വാക്സിൻ ലഭിക്കുന്നതിന് തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരുമായോ ആശ പ്രവർത്തകരുമായോ ബന്ധപ്പെട്ടാൽ സർക്കാർ വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് വാക്സിൻ സൗജന്യമായി ലഭിക്കും.
സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിൽ നിന്നും കോവിഡ് വാക്സിൻ ലഭിക്കും. ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്ന കോവിഷീൽഡും കോവാക്സിനും കോവിഡിനെ പ്രതിരോധിക്കാൻ ഒരു പോലെ സുരക്ഷിതവും ഫലപ്രദവുമാണെന്നും മന്ത്രി വ്യക്തമാക്കി.