കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കില്ലെന്നും കുട്ടികളെ ബാധിക്കുമെന്ന് പറയാൻ ശാസ്ത്രീയ തെളിവുകളില്ലെന്നും വാക്സിൻ വിദഗ്ധ സമിതി അംഗം ഡോക്ടർ എൻ കെ അറോറ. ഒരു പ്രമുഖ പ്രാദേശിക മാധ്യമത്തിൽ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത വർഷം മുതലേ കുട്ടികൾക്കുള്ള വാക്സിൻ നല്കിത്തുടങ്ങുകയുള്ളു.
കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനുള്ള മുൻഗണനാ പട്ടിക തയ്യാറാക്കിക്കഴിഞ്ഞുവെന്നും ഡോ.അറോറ വ്യക്തമാക്കി. കൂടുതൽ വാക്‌സിനുകൾക്ക് അടുത്ത മാസത്തോടെ അനുമതി നൽകും. ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ വാക്സിനും ബയോളജിക്കൽ ഇ വാക്സിനും ഒക്ടോബറോടെ അനുമതി നൽകും.
18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഡിസംബറോടെ വാക്സിന്‍ ലഭ്യമാക്കും. കോവിഷീല്‍ഡും കോവാക്സിനും മിക്സ് ചെയ്യുന്നതിൽ പഠനം നടക്കുകയാണെന്നും ശാസ്ത്രീയമായി തെളിയുന്നത് വരെ വാക്സിൻ മിശ്രണം പാടില്ലെന്നും ഡോക്ടര്‍ പറഞ്ഞു. കേരളത്തിലെ നിയന്ത്രണങ്ങളിലുള്ള ഇളവുകളാണ് രോഗവ്യാപനം കൂടാന്‍ കാരണമെന്നും ഡോക്ടർ അറോറ ചൂണ്ടിക്കാട്ടി.