സംസ്ഥാനത്ത് അടുത്ത നാല് ആഴ്ച അതീവ ജഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്. ഈ ഓണക്കാലത്ത് കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് എല്ലാവര്ക്കും നിര്‍ദേശം നല്‍കിയിരുന്നു. അതീവ വ്യാപനശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ വലിയ ഭീഷണിയിലാണ് പല പ്രദേശങ്ങളെന്നും ഒക്ടോബറോടെ മൂന്നാം തരംഗത്തിന്റെ ഭീഷണി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മൂന്നാം തരംഗം മുന്നില്‍ കണ്ട് ആരോഗ്യ വകുപ്പ് വളരെ നേരത്തെ തന്നെ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും താലൂക്ക് തലംമുതലുള്ള ആശുപത്രികളില്‍ ഓക്സിജന്‍ കിടക്കകളും ഐ.സി.യു.വും സജ്ജമാക്കി വരുന്നുവെന്നും വെന്റിലേറ്ററുകളുടെ എണ്ണവും വര്‍ധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. ജില്ലാ ജനറല്‍ ആശുപത്രികളിലെ ഐ.സി.യു.കളെ മെഡിക്കല്‍ കോളേജുകളുമായി ഓണ്‍ലൈനായി ബന്ധിപ്പിക്കുന്നതാണ്.
ഓക്സിജന്റെ ലഭ്യത ഉറപ്പ് വരുത്താന്‍ പ്രത്യേക പ്രാധാന്യം നല്കി വരുന്നു. സംസ്ഥാനത്ത് ആകെ 870 മെട്രിക് ടണ്‍ ഓക്സിജന്‍ കരുതല്‍ ശേഖരമായിട്ടുണ്ട്. നിര്‍മ്മാണ കേന്ദ്രങ്ങളില്‍ 500 മെട്രിക് ടണും കെ.എം.എസ്.സി.എല്‍. ബഫര്‍ സ്റ്റോക്കായി 80 മെട്രിക് ടണും ഓക്സിജന്‍ കരുതിയിട്ടുണ്ട്. ഇതുകൂടാതെ ആശുപത്രികളില്‍ 290 മെട്രിക് ടണ്‍ ഓക്സിജനും കരുതല്‍ ശേഖരമായിട്ടുണ്ട്. 33 ഓക്സിജന്‍ ജനറേഷന് യൂണിറ്റുകളാണ് സജ്ജമാക്കി വരുന്നത്. ഇതിലൂടെ 77 മെട്രിക് ടണ്‍ ഓക്സിജന്‍ അധികമായി നിര്‍മ്മിക്കാന്‍ സാധിക്കും. ഇതില്‍ 9 എണ്ണം പ്രവര്‍ത്തനസജ്ജമായി കഴിഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ വിവിധ ഫണ്ട് വിനിയോഗിച്ച് നിര്‍മ്മിക്കുന്ന 38 ഓക്സിജന്‍ ജനറേഷന് യൂണിറ്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന് പുറമേ സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം 13 മെട്രിക് ടണ്‍ ഓക്സിജന്‍ പ്രതിദിനം നിര്‍മ്മിക്കുന്നതിനുള്ള ഓക്സിജന്‍ ജനറേഷന് സിസ്റ്റം സ്വകാര്യ ആശുപത്രികളില്‍ സ്ഥാപിച്ചു കഴിഞ്ഞു.
കുട്ടികളുടെ വാക്സിനേഷൻ ആരംഭിച്ചിട്ടില്ലാത്തതിനാൽ മൂന്നാം തരംഗം ഉണ്ടായാല്‍ അതേറെ ബാധിക്കുന്നത് കുട്ടികളെയാണെന്ന് കണ്ടെത്തിയതിനാല്‍ പീഡിയാട്രിക് ചികിത്സാ സംവിധാനങ്ങള്‍ വര്‍ധിപ്പിച്ചു വരുന്നു. 490 ഓക്സിജന്‍ സജ്ജീകരണമുള്ള പീഡിയാട്രിക് കിടക്കകള്‍, 158 എച്ച്.ഡി.യു. കിടക്കകള്‍, 96 ഐ.സി.യു. കിടക്കകള്‍ എന്നിങ്ങനെ ആകെ 744 കിടക്കകളാണ് കുട്ടികള്‍ക്കായി സജ്ജമാക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.