സംസ്ഥാനത്ത് സാമൂഹ്യക്ഷേമ പെൻഷനോ വെൽഫയർ ഫണ്ട് പെൻഷനോ ലഭിക്കാത്തവർക്ക് സംസ്ഥാനസർക്കാർ സാമ്പത്തിക സഹായം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് 14,78,236 കുടുംബങ്ങൾക്കാണ് സഹായം ലഭിക്കുന്നത്. ബിപിഎൽ പട്ടികയിൽ ഉൾപ്പെട്ടവർക്കും അന്ത്യോദയ അന്നയോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്കുമാണ് ആയിരം രൂപ സഹായം ലഭിക്കുന്നത്. ഇതിനായി 147,82,36,000 രൂപ വകയിരുത്തി.
ഗുണഭോക്താവിന് ആധാർ കാർഡോ, മറ്റേതെങ്കിലും തിരിച്ചറിയൽ രേഖകളോ ഹാജരാക്കി സഹായം കൈപ്പറ്റാം. സാമ്പത്തിക കൈത്താങ്ങ് സഹകരണ സംഘങ്ങൾ വഴി ഓണത്തിനു മുമ്പ് വിതരണം നടത്താനുള്ള പ്രത്യേക നിർദേശം സഹകരണ മന്ത്രി വി.എൻ. വാസവൻ നൽകി. ഗുണഭോക്താക്കളുടെ പട്ടിക ജില്ലാ അടിസ്ഥാനത്തിൽ തദ്ദേശ സ്ഥാപനം തിരിച്ച് ജോയിന്റ് രജിസ്ട്രാർമാർക്ക് അടിയന്തരമായി ലഭ്യമാക്കും.
സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം നടത്തുന്നതിന് ജില്ലാ തലത്തിൽ രൂപീകരിച്ചിട്ടുള്ള മോണിട്ടറിംഗ് സംവിധാനം ഈ പദ്ധതിക്കും ബാധകമായിരിക്കും. സഹകരണ സംഘം രജിസ്ട്രാർ ഓഫീസിൽ അഡീഷണൽ രജിസ്ട്രാറുടെ മേൽനോട്ടത്തിൽ സെൽ രൂപീകരിക്കും. ഓരോ ജില്ലയുടെ ചുമതല ഓരോ ഉദ്യോഗസ്ഥർക്ക് നൽകുന്നതിനും നിർദ്ദേശിച്ചിട്ടുണ്ട്. സാമ്പത്തിക സഹായം വിതരണം ചെയ്യുന്ന ജീവനക്കാർക്ക് സാമൂഹ്യക്ഷേമ പെൻഷൻ വിതരണം നടത്തുമ്പോൾ നൽകുന്ന ഇൻസെന്റീവ് നൽകാനും സഹകരണ വകുപ്പ് തീരുമാനിച്ചു.