തുറമുഖത്ത് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധം

കൊല്ലം: മത്സ്യബന്ധന തുറമുഖങ്ങള്‍ തുറക്കുമ്പോള്‍ പ്രവേശനത്തിന് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി ഡി.എം.ഒ അറിയിച്ചു. കോവിഡ് വ്യാപനസാഹചര്യം കണക്കിലെടുത്ത് എല്ലാ തൊഴിലാളികളും ജീവനക്കാരും ആന്റിജന്‍ പരിശോധന നടത്തണം. പനി ലക്ഷണമുള്ളവര്‍ ആന്റിജന്‍ ഫലം നെഗറ്റിവ് ആയാലും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. ട്രോളിംഗ് നിരോധനം അവസാനിക്കുമ്പേള്‍ ഓഗ്മെന്റഡ് ടെസ്റ്റുകളുടെ എണ്ണം മൂന്നിരട്ടിയാക്കും.

മുന്‍കരുതലായി അതിഥി തൊഴിലാളികള്‍ക്കും തീരദേശമേഖലയില്‍ ഉള്ളവര്‍ക്കും പരിശോധനാ-പ്രതിരോധ കുത്തിവയ്പ്പ് തുടങ്ങി. 1500 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. ആയിരത്തിലധികം പരിശോധനയും നടത്തി. പ്രതിദിനം 750 സാമ്പിളുകളുടെ പരിശോധനയാണ് ലക്ഷ്യം. 10 ദിവസത്തെ ഇടവേളയില്‍ പുന:പരിശോധന നടത്തി രോഗലക്ഷണം നിലനില്‍ക്കുന്നവരെ ഐസൊലേറ്റ് ചെയ്ത് പകര്‍ച്ച നിയന്ത്രിക്കുന്ന രീതിയാണ് നടപ്പിലാക്കുക.

രണ്ടാം തരംഗത്തിലെ അതിവേഗ രോഗപകര്‍ച്ച കണക്കിലെടുത്ത് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ :

  • ഇരട്ട/എന്‍ 95 മാസ്‌ക് ധരിക്കണം
  • തീരദേശം, ഹൗസിംഗ് കോളനികള്‍, തുറസ്സില്ലാത്ത ജോലിസ്ഥലങ്ങള്‍, കശുവണ്ടി ഫാക്ടറികള്‍, ജുവലറികള്‍, ഹോസ്റ്റലുകള്‍ എന്നിവടങ്ങളിലുള്ളവര്‍ അധിക ജാഗ്രത പുലര്‍ത്തണം. സാമൂഹിക അകലം, കൈകളുടെ അണുവിമുക്തമാക്കല്‍ എന്നിവ കുറ്റമറ്റരീതിയിലായിരിക്കണം.
  • പനി ലക്ഷണമുള്ളവര്‍ക്കായി പ്രത്യേകം പരിചരണം ഉറപ്പാക്കണം.
  • കോവിഡ് പോസിറ്റിവ് ആകുന്നവരെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും വേണം.
  • കോവിഡ് പോസിറ്റിവ് ആകുന്നവര്‍ പിന്നിട്ട 14 ദിവസത്തെ സമ്പര്‍ക്ക വിവരങ്ങള്‍ ആരോഗ്യ വകുപ്പിന് കൈമാറണം.
  • മാസ്‌ക്, സാനിറ്റൈസര്‍, സാമൂഹിക അകലം എന്നിവ ശീലമാക്കി തുടരണം