കോവിഡ് നിയന്ത്രണം; ആശുപത്രികൾക്ക്‌ പ്രത്യേകം നിർദ്ദേശങ്ങൾ

എറണാകുളം: ജില്ലയിൽ കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ മതിയായ കോവിഡ് ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി ആശുപത്രികൾക്ക് പ്രത്യേക നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു.

വീടുകളിൽ കഴിയുന്ന രോഗികളെ വാർഡ് ലെവൽ ആർ.ആർ.ടി. ഫോൺ വഴി ബന്ധപ്പെട്ട് പ്രയാസങ്ങൾ ഉളളവരെ ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ടെലിമെഡിസിൻ യൂണിറ്റിൽ രജിസ്റ്റർ ചെയ്ത് മെഡിക്കൽ കൺസൽട്ടേഷൻ ലഭ്യമാക്കേണ്ടതാണെന്നും രോഗികൾക്ക് സ്വന്തം വീടുകളിൽ കഴിയാൻ സൗകര്യം ഇല്ലെങ്കിൽ അങ്ങനെയുള്ളവരെ താമസിപ്പിക്കുന്നതിനു ആവശ്യമായ എഫ് എൽടിസികൾ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും തുടങ്ങേണ്ടതാണെന്നും പ്രത്യേകം നിർദേശിച്ചു.

 

എറണാകുളം മെഡിക്കൽ കോളേജും ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രിയും കോവിഡ് ആശുപത്രിയാക്കി മാറ്റി. അഡ്മിഷൻ ഉളള എല്ലാ താലൂക്ക് ആശുപത്രികളും സി.എച്ച്.സി . കളും കോവിഡ് രോഗികൾക്ക് അടിയന്തിര ചികിത്സ ലഭ്യമാക്കുവാൻ തയ്യാറായിരിക്കണമെന്ന് നിർദേശിച്ചു.
എറണാകുളം ജനറൽ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടത്തിൽ അടിയന്തിരമായി കോവിഡ് ചികിത്സ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിർദ്ദേശം നൽകി.
എറണാകുളം ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളും കോവിഡ് രോഗികളെ ചികിത്സിക്കേണ്ടതാണ് . രോഗികൾക്ക് കിടത്തി ചികിത്സ നൽകുന്നതിനായി നിലവിലുളള കിടക്കകളുടെ 20 % ( ഐ.സി.യു. ഉൾപ്പെടെ ) കോവിഡ് ചികിത്സയ്ക്കായി മാറ്റിവെക്കേണ്ടതാണ് . ഓരോ ആശുപത്രിയും ഇങ്ങനെ തയ്യാറാക്കിയ ബഡുകളുടെ വിവരങ്ങൾ കെയർ പോർട്ടലിൽ രേഖപ്പെടുത്തണം.

എല്ലാ ആശുപത്രികളിലും ഹെൽപ് ഡെസ്ക് ആരംഭിക്കണം . എല്ലാ സമയത്തും ലഭ്യമാകുന്ന മൊബൽ നമ്പറും പ്രദർശിപ്പിക്കണം. ഈ മൊബൈൽ നമ്പർ ഡി പി എം എസ് യു ഓഫീസിൽ അറിയിക്കേണ്ടതാണ് . എല്ലാ ആശുപത്രികളും കോവിഡ് ചികിത്സാ വിവരങ്ങൾ സംബന്ധിച്ച ഡാറ്റാ കെയർ പോർട്ടലിൽ ദിവസവും രണ്ടു പ്രാവശ്യം (രാവിലെ 9 മണി , വൈകിട്ട് 6 മണി ) രേഖപ്പെടുത്തണം . ഇതിനായി എല്ലാ ആശുപത്രികളും ഒരു നോഡൽ ഓഫീസറെ നിയമിക്കണം.