ആദിവാസി ഊരില്‍ വോട്ടിംഗ് പരിശീലനമൊരുക്കി സ്വീപ്

ജില്ലയിലെ ആദിവാസി മേഖലകളില്‍ വോട്ടിംഗ് അവബോധം നല്‍കി കൂടുതല്‍ പേരെ തെരഞ്ഞെടുപ്പിന്റെ ഭാഗമാക്കുക ലക്ഷ്യമിട്ട് സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ആഭിമുഖ്യത്തില്‍ കുറ്റിച്ചല്‍ വാലിപ്പാറയില്‍ ഊരുകൂട്ട സംഗമവും വോട്ടിംഗ് പരിശീലനവും സംഘടിപ്പിച്ചു. ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഓരോ വോട്ടും കേരളത്തിന്റെ ഭാവി നിര്‍ണയിക്കുമെന്ന കാര്യം ഏവരും മനസ്സിലാക്കണമെന്നും ആദിവാസി മേഖലയിലെ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കാന്‍ ജില്ലാ ഭരണകൂടത്തിനൊപ്പം നില്‍ക്കണമെന്നും വിനയ് ഗോയല്‍ അഭ്യര്‍ത്ഥിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ ഉപയോഗിച്ചുള്ള വോട്ടിംഗ് പരിശീലനവും പരിപാടിയുടെ ഭാഗമായി നടന്നു. വോട്ട് പ്രതിജ്ഞയും വോട്ടുവണ്ടിക്കൊപ്പം മാര്‍ച്ച് പാസ്റ്റും ഉണ്ടായിരുന്നു.