ഇന്ത്യയിൽ നിന്നെത്തിച്ച ആസ്ട്ര സെനിക്ക കോവിഡ് വാക്സിൻ ഞായറാഴ്ച്ച മുതൽ നൽകിത്തുടങ്ങുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ആരോഗ്യസ്ഥിതി പരിഗണിക്കാതെ എല്ലാ ഗവർണറേറ്റിലുമുള്ള 65 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് വാക്സിനേഷൻ നൽകുന്നത്.
ഒരു ലക്ഷം ഡോസ് വാക്സിനുകളാണ് ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് എത്തിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട വാക്സിനേഷൻ കേന്ദ്രങ്ങൾ വഴിയായിരിക്കും വാക്സിനേഷൻ നൽകുക. ആദ്യ ഡോസ് എടുത്ത് കഴിഞ്ഞ് നാല് ആഴ്ചയ്ക്ക് ശേഷമായിരിക്കും രണ്ടാമത്തെ ഡോസ് വാക്സിനേഷൻ നൽകുക. എന്നാൽ ഫൈസർ വാക്സിന്റെ ആദ്യ ഡോസ് എടുത്തവർക്ക് ആസ്ട്ര സെനിക്ക വാക്സിൻ എടുക്കാൻ സാധിക്കുകയില്ല.