By Sukesh Das, Send your feedback to sukesh@janapriyam.com
ഡ്യൂറോഫ്ലക്സിൻ്റെ 57 വർഷത്തെ യാത്രയും ഭാവി പദ്ധതികളെയും കുറിച്ച് ഡ്യൂറോഫ്ലക്സിൻ്റെ ഓപ്പറേഷൻസ്, പ്രോഡക്റ്റ് ഡെവലപ്മെൻ്റ് ഡയറക്ടറായ മാത്യു ജോർജുമായി ജനപ്രിയം ന്യൂസ് നടത്തിയ സംഭാഷണത്തിൽ നിന്ന്:
കയറും ലാറ്റക്സും ഉപയോഗിച്ച് ഒരു ഉത്പന്നം നിർമിക്കാൻ 1963 – ൽ പി. സി. മാത്യു എന്ന കാഞ്ഞിരപ്പള്ളിക്കാരനായ സംരംഭകൻ ചെയ്ത റിസർച്ച് ആണ് ഡ്യൂറോഫ്ളക്സ് എന്ന അഞ്ഞൂറ് കോടി വിറ്റുവരവുള്ള ബ്രാൻഡായി വളർന്നത്. ഓസ്ട്രിയയിൽ പോയിട്ടാണ് അങ്ങനെയുള്ള ഉത്പന്നം നിർമിക്കാനുള്ള ടെക്നോളജി എഞ്ചിനീയർ കൂടിയായ പി.സി. മാത്യു പഠിച്ചത്. അതിന് ശേഷം ആലപ്പുഴയിൽ ഫാക്ടറി ആരംഭിച്ചു. ഓസ്ട്രിയയിൽ നിന്ന് ഉത്പന്നം നിർമിക്കാനുള്ള മെഷീനുകൾ എത്തിച്ചു. അന്നത്തെ കാലത്ത് കനാലുകൾ വഴി വഞ്ചികളിലാണ് മെഷീനുകൾ ഫാക്ടറിയിലേക്ക് എത്തിച്ചിരുന്നത്.
പി. സി. മാത്യു, ഡ്യൂറോഫ്ലക്സിൻ്റെ സ്ഥാപകൻ
ആദ്യത്തെ വെല്ലുവിളി
മാത്യു ജോർജ് : പഞ്ഞികൊണ്ട് നിർമിക്കുന്ന കിടയ്ക്കകളാണ് അക്കാലത്ത് ഉപയോഗിച്ചിരുന്നത്. കയറുകൊണ്ട് ഉണ്ടാക്കിയ കിടയ്ക്ക ഉപയോഗിക്കുന്നതിൻ്റെ ഗുണങ്ങൾ ആളുകൾക്ക് മനസിലാക്കി കൊടുക്കുക എന്നതായിരുന്നു ആദ്യത്തെ വെല്ലുവിളി. പരസ്യങ്ങൾ ചെയ്യുന്നുണ്ടായിരുന്നെങ്കിലും കിടയ്ക്ക വിൽക്കുന്ന ഡീലർമാരെ അത് വിൽക്കാൻ പ്രാപ്തരാക്കുക എന്നതായിരുന്നു അതിനുള്ള ഏറ്റവും ഫലപ്രദമായ പരിഹാരം. അതേസമയം ഇന്ത്യൻ റെയിൽവെയിലും ഡിഫെൻസിലും സീറ്റുകൾ ഉണ്ടാക്കുന്നതിനായി കയർ ഉപയോഗിച്ചു തുടങ്ങിയത് ബിസിനസ്സിൽ പ്രധാനപ്പെട്ട വഴിത്തിരിവായി. കയറുകൊണ്ട് നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് ആളുകളുടെ ഇടയിൽ വലിയ സ്വീകാര്യത ലഭിക്കാൻ ഇത് കാരണമായി. ഈയൊരു ഘട്ടത്തിലേക്ക് ബിസിനസ്സിനെ എത്തിക്കാൻ കുറഞ്ഞത് പത്ത് വർഷമെങ്കിലും എടുത്തു.
രണ്ടാം തലമുറയുടെ പ്രവേശം
മാത്യു ജോർജ് : 1975 – ഓടെ കുടുംബത്തിലെ രണ്ടാം തലമുറ ബിസിനസ്സിലേക്ക് കടന്നുവന്നു. രണ്ടായിരത്തിൽ ഫോമിങ്ങ് യൂണിറ്റ് ആരംഭിച്ചു. പലതരം വെല്ലുവിളികൾ നേരിട്ട് നാല് വർഷത്തോളം എടുത്താണ് മെഷീൻ ഉപയോഗിച്ച് മികച്ച ഗുണമേന്മയുള്ള ഫോം ഉത്പാദിപ്പിക്കാൻ സാധിച്ചത്. കിടയ്ക്കകൾ കൂടാതെ ഫോം വിൽക്കുന്നതും മറ്റൊരു വലിയ ബിസിനസ്സ് ആക്കി മാറ്റാൻ ഇതിലൂടെ സാധിച്ചു.
2012 – ഓടെ മൂന്നാം തലമുറക്കാർ കടന്ന് വരുന്നു
മാത്യു ജോർജ് : കുടുംബത്തിലെ മൂന്നാം തലമുറയിലുള്ള ഞാൻ ഉൾപ്പടെ നാല് പേരാണ് ഇപ്പോൾ ബിസിനസ്സ് നടത്തിക്കൊണ്ടുപോകുന്നത്. നാല് പേർക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതികളുണ്ട് എന്ന് ആദ്യം തന്നെ ഞങ്ങൾ അംഗീകരിച്ചു. ഫാമിലി ബിസിനസ്സിൻ്റെ വെല്ലുവിളികളെ മറികടക്കാൻ ബിസിനസ്സ് പ്രൊഫെഷനലൈസ് ചെയ്യാൻ തീരുമാനിച്ചത് ഏറ്റവും മികച്ച തീരുമാനമായിരുന്നു. അതിൻ്റെ ഭാഗമായി മറ്റ് വ്യവസായിക മേഖലകളിൽ അനുഭവസമ്പത്തുള്ള ആളുകളെ കമ്പനിയിൽ നിയമിച്ചു. കൂടുതൽ സംസ്ഥാനങ്ങളിൽ ബിസിനസ്സ് വളർത്തുന്നതിനും, പുതിയ ഉത്പന്നങ്ങൾ കൊണ്ടുവരുന്നതിനും വേണ്ടിയുള്ള തുടക്കമായിരുന്നു അത്. ബിസിനസ്സിനെ എവിടെയെത്തിക്കണം എന്ന വ്യക്തമായ കാഴ്ചപ്പാട് നാല് പേർക്കുമുണ്ടായിരുന്നു.
ഇന്നോവേഷൻ അതിപ്രധാനം
മാത്യു ജോർജ് : ഡ്യൂറോഫ്ലക്സിൻ്റെ മുന്നോട്ടുള്ള യാത്രയിൽ പ്രധാനമായ ഘടകം ഇന്നോവേഷനാണ്. പ്രോഡക്റ്റ് ഇന്നോവേഷൻ മാത്രമല്ല ബിസിനസ് ചെയ്യുന്ന രീതിയിലും, കസ്റ്റമേഴ്സിനോട് ആശയവിനിമയം നടത്തുന്ന രീതികളിലും അങ്ങനെ എല്ലാ മേഖലകളിലും ഇന്നോവേഷൻ വളരെ പ്രധാനമാണ്. 2023 – ഓടെ ആയിരം കോടിയുടെ ബിസിനസ്സാണ് ലക്ഷ്യമിടുന്നത്.
കോവിഡും, ബിസിനസ്സും, ഉറക്കവും
മാത്യു ജോർജ് : വൈറസ് എന്ന് പറഞ്ഞു പേടിച്ചിരിക്കുന്നതിൽ കാര്യമില്ല. കോവിഡ് ഉണ്ടാക്കിയ പുതിയ സാഹചര്യങ്ങൾ നേരിടാൻ വ്യത്യസ്തമായ ഒരു മാനസികാവസ്ഥ തന്നെ വേണം. ജീവനക്കാർക്ക് പുതിയ കാര്യങ്ങളിൽ പരിശീലനം നൽകുന്നതിനും, പുതിയ പ്രൊഡക്ടുകൾ കൊണ്ടുവരുന്നതിനും, ഉപഭോക്താക്കളുമായി കൂടുതൽ ആശയവിനിമയം നടത്തുന്നതിനും ലോക്ക്ഡൌൺ കാലഘട്ടം ഫലപ്രദമായി ഉപയോഗിച്ചു. ഓൺലൈൻ പ്ലാറ്റുഫോമുകൾ കൂടുതലായി ഉപയോഗിക്കാനും തുടങ്ങി. വർക്കൗട്ട് സെഷനുകളും ലൈവ് കൺസേർട്ടുകളും നടത്തി. ഉപഭോക്താക്കളുമായുള്ള ബന്ധം നിലനിർത്തിക്കൊണ്ടുപോകാൻ ലോക്ക്ഡൗണിൻ്റെ സമയത്തും ഇത് വളരെയധികം സഹായിച്ചു.
ഉറക്കത്തെ അലസതയുടെ ലക്ഷണമായാണ് ചിലർ പറയുന്നത്. അത് പൂർണമായും ശരിയല്ല. ഉറക്കവും നമ്മുടെ പ്രതിരോധശക്തിയും തമ്മിലുള്ള ബന്ധം വളരെ വലുതാണ്. ഇന്നത്തെ സാഹചര്യത്തിൽ പ്രതിരോധശക്തി വർദ്ധിപ്പിക്കുന്നതിൻ്റെ ആവശ്യകതയെ കുറിച്ച് ആളുകൾ കൂടുതൽ ബോധവാന്മാരാണ്. നന്നായി ഉറങ്ങുന്നതിന് കൂടുതൽ ഗുണമിലവാരമുള്ള കിടയ്ക്കകൾ വാങ്ങാനായി ആളുകൾക്ക് താത്പര്യം വർദ്ധിച്ചിട്ടുണ്ട്. ഇതുകൂടാതെ സുരക്ഷിതമായ ഡ്യൂറോഫ്ലക്സിൻ്റെ കസ്റ്റമർ എക്സ്പീരിയൻസ് സെന്ററുകളിൽ വന്ന് ഉപഭോക്താക്കൾക്ക് കിടയ്ക്കകൾ വാങ്ങാം. ഉപഭോഗ്താക്കൾക്കിടയിൽ ഡ്യൂറോഫ്ലക്സിൻ്റെ മൂല്യം വർധിപ്പിക്കാൻ ഇത് വളരെയധികം സഹായിച്ചിട്ടുണ്ട്.
ഫാമിലി ബിസിനസ്സ് നടത്തുന്ന ചെറുകിട ഇടത്തരം സംരംഭകരോട്
മാത്യു ജോർജ് : ഫാമിലി ബിസിനസ്സ് നടത്തിക്കൊണ്ടുപോകാൻ അതിൻ്റെതായ സങ്കീർണതകളുണ്ട്. ഫാമിലിയിലെ മറ്റ് അംഗങ്ങളുടെ അഭിപ്രായങ്ങളെ മാനിക്കുക എന്നത് അതിപ്രധാനമാണ്. വ്യക്തിപരായ ഈഗോകൾ മാറ്റി വയ്ക്കുക. ബിസിനസ്സ് പ്രൊഫെഷനലൈസ് ചെയ്യാൻ തീരുമാനിച്ചതാണ് ഫാമിലി ബിസിനസ്സിൻ്റെതായ പല വെല്ലുവിളികളേയും മറികടക്കാൻ ഡ്യൂറോഫ്ലക്സിനെ സഹായിച്ചത്. അതുകൂടാതെ ബിസിനസ്സിനെ സംബന്ധിക്കുന്ന പ്രശ്നങ്ങളെ കുടുംബാംഗങ്ങൾ എങ്ങനെ സമീപിക്കണം എന്നതിന് “ഫാമിലി ബ്ലൂ ബുക്ക്” തയാറാക്കിയിട്ടുണ്ട്.
ഫാമിലി ബിസിനസ്സുകൾ പുറത്തു നിന്ന് നിക്ഷേപം സ്വീകരിക്കുമ്പോൾ
മാത്യു ജോർജ് : ബിസിനസ്സിനെ എവിടെ എത്തിക്കണം എന്ന കൃത്യമായ കാഴ്ചപ്പാടുണ്ടെങ്കിൽ ഇത്തരം വിഷയങ്ങളിൽ തീരുമാനം എടുക്കാൻ എളുപ്പമാകും. ലൈറ്റ് ഹൗസ് ഫൺഡ്സ് 160 കോടി രൂപയാണ് ഡ്യൂറോഫ്ലക്സിൽ നിക്ഷേപിച്ചത്. നിക്ഷേപം കൊണ്ടുവരുമ്പോൾ പണം മാത്രമല്ല ഒരു ബിസിനസ്സിനു ലഭിക്കുന്നത്. അവരുടെ അനുഭവസമ്പത്തും നമ്മുക്ക് ലഭിക്കുന്നു. ബിസിനസ്സിൻ്റെ വളർച്ചയ്ക്ക് വളരെയധികം ഇത് സഹായിക്കും. ബിസിനസ്സിനെ സംബന്ധിക്കുന്ന കാര്യങ്ങളിൽ നിക്ഷേപകർ പറയുന്ന അഭിപ്രായങ്ങളെ ഒരു തുറന്ന മനസ്സോടുകൂടി വേണം സമീപിക്കാൻ. ബിസിനസ്സ് വളർത്താനല്ലാതെ അത് ഇല്ലാതാക്കാൻ നിക്ഷേപകർ ഒരിക്കലും ശ്രമിക്കില്ല. ഒരു നിക്ഷേപകൻ പണം തരുമ്പോൾ അവരും ഒരു റിസ്ക് എടുത്താണ് അത് ചെയ്യുന്നത്.
ഇന്നോവേഷനിലൂടെ ഉപഭോക്താക്കൾക്ക് മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നൽകുക, അതിലൂടെ ഉപഭോക്താക്കൾക്ക് പരമാവധി മൂല്യം നൽകുക എന്നതാണ് ഡ്യൂറോഫ്ലക്സിനെ മുന്നോട്ട് നയിക്കുന്നത്.