സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടിലും കണ്ണൂരുമുള്ള ഓരോരുത്തർക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു മാസമായി ഒരു പോസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്യാതിരുന്ന വയനാട്ടിൽ ഇന്ന് ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതോടെ വയനാടിനെ ഗ്രീൻ സോണിൽ നിന്നും ഓറഞ്ച് സോണിലേക്ക് മാറ്റിയതായും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് രോഗമുക്തി നേടിയ എട്ടുപേരിൽ ആറ് പേർ കണ്ണൂരിൽ നിന്നും രണ്ടുപേർ ഇടുക്കിയിൽ നിന്നും ഉള്ളവരാണ്. 499 പേർക്ക് രോഗം സ്ഥിരീകരിച്ചതിൽ 96 പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. 21,894 പേർ സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലാണ്. ഇതിൽ 410 പേർ ആശുപത്രികളിലും 21,494 പേർ വീടുകളിലും നിരീക്ഷണത്തിലാണ്. ഇന്ന് 80 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്ത് നിലവിൽ 80 ഹോട്ട് സ്പോട്ടുകളാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.