ലോക്ക് ഡൗണ്‍ വേളയില്‍ ‘ജന്‍ ഔഷധി സുഗം’ മൊബൈല്‍ ആപ്ലിക്കേഷന്‍ ജനങ്ങള്‍ക്ക് ഏറെ സഹായകമാകുന്നു. ഏറ്റവും അടുത്തുള്ള പ്രധാന്‍മന്ത്രി ജന്‍ ഔഷധി കേന്ദ്രങ്ങള്‍ (പി.എം.ജെ.കെ) കണ്ടെത്തുന്നതിനും മിതമായ വിലയില്‍ ലഭിക്കുന്ന ജനറിക് മരുന്നുകളുടെ ലഭ്യതയെക്കുറിച്ച് അറിയുന്നതിനും ഈ ആപ്ലിക്കേഷന്‍ സഹായകമാണ്.
ഇതുവരെ 325000 ലധികം പേരാണ് ഈ ആപ്ലിക്കേഷന്റെ സേവനം പ്രയോജപ്പെടുത്തിയിട്ടുള്ളത്. കോവിഡിന് എതിരായ പോരാട്ടത്തില്‍ പി.എം.ബി.ജെ.പി പോലുള്ള ശ്രദ്ധേയമായ പദ്ധതികളിലൂടെ 900 ലധികം ഗുണനിലവാരമുള്ള ജനറിക് മെഡിസിനുകളും 154 ശസ്ത്രക്രിയാ ഉപകരണങ്ങളും മിതമായ നിരക്കില്‍ ലഭ്യമാക്കി ആരോഗ്യസംരക്ഷണരംഗത്ത് വിപ്ലവം സൃഷ്ടിക്കുകയാണ് ഇന്ത്യ. രാജ്യത്ത് 726 ജില്ലകളിലായി നിലവില്‍ 6300 ലധികം ജന്‍ ഔഷധി കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുന്നത്.
പ്രധാന്‍ മന്ത്രി ഭാരതീയ ജന ഔഷധി പരിയോജന (പി.എം.ബി.ജെ.പി) യുടെ ഗുണഫലങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ ജനജീവിതം കൂടുതല്‍ അനായാസമാക്കുന്നതിനുമായി കേന്ദ്ര രാസവസ്തു, രാസവള മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ ബ്യൂറോ ഓഫ് ഫാര്‍മ ആണ് ഈ ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്.
ഏറ്റവും അടുത്തുള്ള ജന്‍ ഔഷധി കേന്ദ്രം കണ്ടെത്തുക, അവിടേക്ക് ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെ എത്തുന്നതിനുള്ള സൗകര്യം, ജനറിക് മരുന്നുകളുടെ ലഭ്യത, ബ്രാന്‍ഡഡ് മരുന്നുകളും ജനറിക് മരുന്നുകളും തമ്മിലുള്ള ഗുണ, വിലവ്യത്യാസം തുടങ്ങിയവ വീട്ടിലിരുന്നുകൊണ്ടുതന്നെ മനസിലാക്കാനുള്ള ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആണ് ഈ അപ്ലിക്കേഷൻ ഒരുക്കുന്നത്.
ആന്‍ഡ്രോയിഡ്, ഐ-ഫോണ്‍ പ്ലാറ്റ്ഫോമുകളില്‍ ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പിള്‍ സ്റ്റോറിലും ഈ അപ്ലിക്കേഷൻ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും.
എന്താണ് ജനറിക് മരുന്നുകൾ?
ബ്രാന്‍ഡഡ് മരുന്നുകളുടെ തുല്യ പ്രവര്‍ത്തനശേഷി ഉള്ളതും രാസപരമായും ഘടനാപരമായും തത്തുല്യമായതും അവയുടെ അതേ നിര്‍മ്മാണ പ്രക്രിയ പിന്തുടരുന്നതും, എന്നാല്‍ വിലയില്‍ ഗണ്യമായ കുറവുള്ളതുമായ മരുന്നുകളാണ് ജനറിക് മരുന്നുകള്‍. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വിപണന തന്ത്രങ്ങള്‍ ഉപയോഗിക്കാതെ ഒരു മരുന്നിലെ ചേരുവയുടെ പേരില്‍ തന്നെ വില്‍ക്കപ്പെടുന്ന മരുന്നുകള്‍ ആണ് ജനറിക് മരുന്നുകള്‍.