സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മാറ്റിവെക്കാനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടത് സർക്കാർ സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. സർക്കാർ ജീവനക്കാരുടെ ശമ്പളം വൈകില്ലെന്നും കൃത്യം നാലാം തിയതി തന്നെ ജീവനക്കാർക്ക് ശമ്പളം നൽകുമെന്നും മന്ത്രി അറിയിച്ചു. ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുക നല്ലകാലം വന്നാൽ തിരിച്ചു നൽകുമെന്നും അല്ലെങ്കിൽ പിഎഫിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആരോഗ്യപ്രവർത്തകർക്കും പോലീസുകാർക്കുമായിരിക്കും ആദ്യം ശമ്പളം നൽകുക. അതിന് ശേഷം മറ്റുള്ളവർക്കും നൽകുമെന്ന് മന്ത്രി അറിയിച്ചു. ആറ് ദിവസത്തെ ശമ്പളം പിടിച്ചുവെക്കുന്നതിലൂടെ 2500 കോടിയോളം രൂപ ആറ് മാസത്തിൽ സർക്കാരിന് ലഭിക്കും. ഈ കാലയളവിൽ കോവിഡ് ദുരിതാശ്വാസത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനും ഈ പണം ഉപയോഗിക്കില്ല. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.