പ്രതിരോധത്തിൽ വെള്ളം ചേർക്കരുതെന്ന് സർക്കാരിനോട് വി. മുരളീധരൻ, പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ

സർക്കാരിന്റെ അമിത വിശ്വാസവും ജാഗ്രതക്കുറവും ഗ്രീൻ സോൺ ആയിരുന്ന ഇടുക്കിയെയും കോട്ടയത്തിനെയും റെഡ് സോൺ ആക്കി മാറ്റി എന്നും വീണ്ടുമുണ്ടായ രോഗ വ്യാപനം സർക്കാരിന്റെ കയ്യിലിരിപ്പ് കൊണ്ടാണെന്നും കേന്ദ്ര മന്ത്രി വി. മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിനെ വിമർശിച്ചാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തിയത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളായ മലയാളികളെ നാട്ടിലെത്തിക്കുന്നതിനാണ് കേന്ദ്രമന്ത്രി എന്ന നിലയിൽ മുരളീധരൻ പ്രാധാന്യം നൽകേണ്ടതെന്ന് കടകംപള്ളി ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ കോവിഡ് ബാധ ഉള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ പ്രധാനമന്ത്രിയുടെ സംസ്ഥാനമായ ഗുജറാത്ത് വെച്ചടി വെച്ചടി കയറുകയാണെന്നും രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം കോവിഡ് ഭീതിയിലാണെന്നും കേന്ദ്രസർക്കാരിന്റെ മൂക്കിന് കീഴിലുള്ള ഡൽഹിയിൽ പോലും രോഗം നിയന്ത്രിക്കാൻ സാധിക്കുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. പ്രധാനനഗരമായ മുംബൈ കോവിഡ് ബാധിതരെക്കൊണ്ട് നിറയുകയാണ്. അവിടേക്കൊന്നും കേന്ദ്രമന്ത്രി വി മുരളീധരന്റെ കണ്ണ് പോകുന്നില്ല. ലോകം ആദരവോടെ കാണുന്ന നമ്മുടെ സംസ്ഥാനത്ത് വല്ല കുറവുമുണ്ടോ എന്ന് മുരളീധരൻ അന്വേഷിക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.