13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, 13 പേർ രോഗമുക്തരായി

സംസ്ഥാനത്ത് ഇന്ന് 13 പേർക്ക്  കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി   പിണറായി വിജയൻ. കോട്ടയത്ത് ആറുപേർക്കും ഇടുക്കിയിൽ നാലുപേർക്കും പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ അഞ്ചുപേർ തമിഴ്നാട്ടിൽനിന്നും ഒരാൾ വിദേശത്തുനിന്നും വന്നതാണ്. ഒരാൾക്ക് രോഗബാധ എങ്ങനെയുണ്ടായി എന്ന് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും  മുഖ്യമന്ത്രി പറഞ്ഞു. ബാക്കിയുള്ള ആറുപേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്.

ഇന്ന് 13 പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്. കണ്ണൂരിൽ ആറുപേർക്കും കോഴിക്കോട്ട് നാലുപേർക്കും തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് ഇന്ന് പരിശോധനാഫലം നെഗറ്റീവായത്. 481 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 123 പേർ ഇപ്പോൾ  ചികിത്സയിലാണ്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,301 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതിൽ 19,812 പേർ വീടുകളിലും 489 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.  ഇന്നു മാത്രം 104 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെയും ഇന്നുമായി കോട്ടയത്തും ഇടുക്കിയിലും കോവിഡ്-19 രോഗികളുടെ എണ്ണത്തിൽ വർധനയുണ്ടായതിനാൽ ഈ ജില്ലകളെ റെഡ് സോണായി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ അയ്മനം, വെള്ളൂർ, അയർക്കുന്നം, തലയോലപ്പറമ്പ് എന്നീ പഞ്ചായത്തുകളും ഇടുക്കി ജില്ലയിലെ വണ്ടൻമേട്, ഇരട്ടയാർ എന്നീ പഞ്ചായത്തുകളും ഹോട്ട്സ്പോട്ടുകളാണ്.