കേരളത്തിൽ ഇന്ന് 13 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ഇന്ന് കേരളത്തിൽ 13 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി  മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 13 പേര്‍ക്ക് രോഗം സ്ഥിരികരിച്ചതില്‍ 9 പേര്‍ കാസര്‍ഗോഡ്‌ ജില്ലയില്‍ നിന്നും 2 പേര്‍ മലപ്പുറത്ത്‌ നിന്നും, കൊല്ലം , പത്തനംതിട്ട ജില്ലകളില്‍ നിന്നും ഓരോരുത്തരുമാണ്.

കൊല്ലത്തും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചവർ നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്തവരാണ്. കാസർകോഡ് ഇന്ന് രോഗം സ്ഥിരീകരിച്ച 9 പേരിൽ 6 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 3 പേർ സമ്പർക്കത്തിലൂടെയാണ് രോഗ ബാധിതരായത്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്ത് നിന്നുമാണ് രോഗം ബാധിച്ചത്.

കേരളത്തിൽ ഇതുവരെ 327 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 266 പേർ ചികിത്സയിലാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,52,804 പേർ ആണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1,52,009 പേർ വീടുകളിലും 795 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നു. 122 പേരെ രോഗലക്ഷണങ്ങളോടെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം,തൃശ്ശൂർ,കണ്ണൂർ ജില്ലകളിൽ ഓരോരുത്തരുടെ പരിശോധനാഫലം നെഗറ്റീവ് ആയിട്ടുണ്ട്.