സംസ്ഥാനത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങൾ പങ്കുവെയ്ക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട കാര്യങ്ങൾ:
- പ്രവാസി മലയാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കേന്ദ്ര ഗവണ്മെന്റ് ഇടപെടണം.
- രോഗസാധ്യത സംശയിക്കുന്നവര്‍ക്ക് ക്വാറന്റൈന് കേന്ദ്രങ്ങള്‍ അതത് രാജ്യങ്ങളില്‍ ഇന്ത്യന്‍ എംബസികളുടെ സഹായത്തോടെ ഒരുക്കണം.
- ഇവിടെനിന്നു പോയി ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് വ്യക്തിഗത പ്രതിരോധ സാമഗ്രികളും സംവിധാനവും എല്ലാ രാജ്യങ്ങളിലും ഉറപ്പാക്കണം.
- കൊറോണ അല്ലാത്ത കാരണങ്ങളാല്‍ വിദേശ രാജ്യങ്ങളില്‍ മരണമടയുന്ന മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ സംവിധാനമുണ്ടാക്കണം.
- സംസ്ഥാനാന്തര ചരക്കുനീക്കം ഒരുതരത്തിലും തടയപ്പെടില്ല എന്ന് ഉറപ്പുവരുത്തണം. ഒരു രാഷ്ട്രമെന്ന നിലയില്‍ ഒറ്റക്കെട്ടായി ഈ വെല്ലുവിളിയെ നേരിടുകയാണ് വേണ്ടതെന്ന ചിന്ത എല്ലാ സംസ്ഥാനങ്ങള്‍ക്കും ഉണ്ടാകണമെന്ന കാര്യവും ഊന്നിപ്പറഞ്ഞു. അതില്‍ പക്ഷപാത നിലപാടുകള്‍ ഉണ്ടാകാന്‍ പാടില്ല.
- ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന ഘട്ടത്തില്‍ അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം നാടുകളിലേക്ക് പോകാനുള്ള പ്രത്യേക യാത്രാ സൗകര്യങ്ങള്‍ ഒരുക്കണം.
- കോവിഡ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്കും നടപടിക്രമങ്ങള്‍ക്കും സംസ്ഥാനം ആവശ്യപ്പെടുന്നതിനനുസരിച്ച് യഥാസമയം അനുമതി നല്‍കണം. കൂടുതല്‍ ടെസ്റ്റിങ് സെന്ററുകള്‍ക്ക് അനുവാദം വേണം
- കേരളം റാപ്പിഡ് ടെസ്റ്റ് തുടങ്ങുന്ന സാഹചര്യത്തിൽ റാപ്പിഡ് ടെസ്റ്റിന് ആവശ്യമായ കിറ്റുകള്‍ ഹോങ്കോങ്ങില്‍നിന്ന് ദൈനംദിനം വിമാനമാര്‍ഗം കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ചു.
- കോവിഡ് പ്രത്യേക ആശുപത്രികള്‍ തുടങ്ങാന്‍ വലിയ മൂലധനം ആവശ്യമായി വരുന്നു. അതിനുള്ള തുക ദുരന്ത നിവാരണ നിധിയില്‍ നിന്ന് ഉപയോഗിക്കാന്‍ അനുവാദം നല്‍കണം.
- സംസ്ഥാനത്തിന്റെ വായ്പാപരിധി ഉയര്‍ത്തണം.