കണ്ണൂരിൽ ലോക്ഡൗൺ ചട്ടങ്ങൾ ലംഘിച്ച് കൂട്ടംകൂടി നിന്നവരെ ഏത്തമിടീച്ച കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്രയുടെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയൻ ശക്തമായി വിമർശിച്ചു. മുഖ്യമന്ത്രിയുടെ വാക്കുകൾ:
“ഇന്ന് നമ്മുടെ സംസ്ഥാനത്തിന്റെ പൊതുവായ രീതിക്ക് ചേരാത്ത ഒരു ദൃശ്യം നാം കാണാനിടയായി. കണ്ണൂരിൽ ജില്ല പോലീസ് മേധാവി നേരിട്ട് ചിലരെ ഏത്തമിടീക്കുന്ന ദൃശ്യം. ഇത് സംബന്ധിച്ച് ഹോം സെക്രട്ടറി ഡി ജി പി യുമായി ബന്ധപ്പെട്ട് ആവശ്യമായ റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും ആവർത്തിക്കാൻ പാടില്ലാത്തതുമാണ്. പൊതുവെ മികച്ച പ്രവർത്തനം നടത്തുന്ന പോലീസിന്റെ യശസ്സിനെയാണ് ഇത്തരം കാര്യങ്ങൾ പ്രതികൂലമായി ബാധിക്കുക. യഥാർത്ഥത്തിൽ പല സ്ഥലങ്ങളിലും പ്രാഥമിക സൗകര്യം പോലുമില്ലാതെ ഡ്യൂട്ടി നിർവഹിക്കുന്നവരാണ് പോലീസുകാർ. അതിനു നല്ല സ്വീകാര്യതയും ഈ നാട്ടിലുണ്ട്. ആ സ്വീകാര്യതയ്ക്ക് മങ്ങലേൽപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടാകാൻ പാടില്ല എന്നത് തന്നെയാണ് സർക്കാരിന്റെ വ്യക്തമായ നിലപാട്”