കോവിഡ് 19: ഇൻക്യൂബേഷൻ പീരീഡ്, അറിയേണ്ടതെല്ലാം

എന്താണ് ഇൻക്യൂബേഷൻ പീരീഡ് ?
രോഗാണു അഥവാ വൈറസ് ശരീരത്തിൽ പ്രവേശിക്കുന്ന നിമിഷം മുതൽ രോഗ ലക്ഷണങ്ങൾ പ്രകടമാകുന്നതുവരെയുള്ള സമയമാണ് ഇൻക്യൂബേഷൻ പീരീഡ്. ഓരോ രോഗത്തിനും ഇൻക്യൂബേഷൻ പീരീഡ് വ്യത്യസ്തമായിരിക്കും. ഉദാഹരണത്തിന്, ചിക്കൻ പോക്സ് വൈറസ് ശരീരത്തിൽ പ്രവേശിച്ച് കഴിഞ്ഞ് ഏഴ് മുതൽ പതിനാല് ദിവസം വരെ കഴിഞ്ഞായിരിക്കും പനിയും മറ്റ് രോഗ ലക്ഷണങ്ങളും  പ്രകടമാവുക.

ഇൻക്യൂബേഷൻ പിരീഡിൽ എന്താണ് സംഭവിക്കുക?
ഈ കാലയളവിൽ ശരീരത്തിൽ കടന്ന രോഗാണു പല മടങ്ങായി വർധിക്കുകയും ശരീരത്തിലെ കോശങ്ങളെ ബാധിക്കുകയും ചെയ്യുന്നു.

ഇൻക്യൂബേഷൻ പിരീഡിൽ പരിശോധനയിലൂടെ രോഗം കണ്ടുപിടിക്കാൻ സാധിക്കുമോ?
ഇൻക്യൂബേഷൻ കാലയളവിൽ നടത്തുന്ന പരിശോധനയിലൂടെ രോഗനിർണ്ണയത്തിനുള്ള സാധ്യത വളരെ കുറവാണ്.

ഇൻക്യൂബേഷൻ പീരിഡിൽ കൊറോണ വൈറസ് ടെസ്റ്റ് നെഗറ്റീവ് ആയാൽ ഐസൊലേഷൻ നിർദേശങ്ങൾ പാലിക്കേണ്ട ആവശ്യമുണ്ടോ?
ഉണ്ട്. കാരണം, ആദ്യത്തെ പരിശോധന ഫലം നെഗറ്റീവ് ആയാലും ഇൻക്യൂബേഷൻ പിരീഡിനുള്ളിൽ എപ്പോൾ വേണമെങ്കിലും പരിശോധന ഫലം പോസിറ്റീവ് ആകാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ട് ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പൂർണമായും അനുസരിക്കേണ്ടത് അനിവാര്യമാണ്.

പൊതു ജനങ്ങൾക്കുള്ള നിർദേങ്ങൾ;

  • കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. 20 സെക്കന്റോളം കൈകൾ കഴുകുക. ഹാൻഡ് സാനിറ്റൈസറുകൾ ഉപയോഗിക്കുക
  • ചുമക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കുക
  • കഴുകാത്ത കൈകൾകൊണ്ട് കണ്ണുകൾ, മൂക്ക്, വായ തുടങ്ങിയ ഭാഗങ്ങളിൽ തൊടരുത്
  • രോഗ ലക്ഷണങ്ങൾ ഉള്ളവർ ഉപയോഗിച്ച സാധനങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കരുത്
  • അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കുക
  • രോഗബാധിത പ്രദേശങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക
  • രോഗബാധിത രാജ്യങ്ങളിൽ നിന്ന് വന്നവർ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണം
  • പനി, ചുമ തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിൽസിക്കാതെ ആരോഗ്യ വകുപ്പിനെ ഫോണിൽ വിളിച്ച് വിവരമറിയിക്കുക.