മലപ്പുറം: പക്ഷിപ്പനി കണ്ടെത്തിയ കൊടിയത്തൂർ വേങ്ങേരി എന്നീ പ്രദേശങ്ങളിൽ ഒരു കിലോമീറ്റർ പരിധിയിൽ പക്ഷികളെ കൊണ്ടുപോകുന്നതിനും വിൽക്കുന്നതിനും വിലക്ക് ഏർപ്പെടുത്തി. പ്രദേശത്തിന് പുറത്ത് നിന്നും പക്ഷികളെ കൊണ്ടുവരാനോ പുറത്തേക്ക് കൊണ്ടുപോകാനോ അനുവദിക്കില്ല. എന്നാൽ മുട്ടകളും ഫ്രോസൺ ഇറച്ചികളും പുറത്ത് നിന്ന് കൊണ്ടുവരാൻ അനുവദിക്കുമെന്നും ജില്ലാ കളക്ടർ ഉത്തരവ് നൽകിയിട്ടുണ്ട്.
മൃഗ സംരക്ഷണ വകുപ്പിന്റെയും ആരോഗ്യ വകുപ്പിന്റെയും പരിശോധനകൾക്ക് പുറമെ പോലീസും പരിശോധന നടത്തി നിയന്ത്രണം കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തും. മൂന്ന് മാസം തുടർച്ചയായി പരിശോധിച്ച് രോഗമില്ലെന്ന് ഉറപ്പ് വരുത്തിയാൽ മാത്രമേ നിയന്ത്രണം പിൻവലിക്കുകയുള്ളു.
രോഗം കണ്ടെത്തിയ സ്ഥലത്തിന് പുറത്ത് പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ ഹെൽത്ത് ഇൻസ്പെക്ടറുടെ പരിശോധക്ക് ശേഷം കോഴിക്കടകളടക്കമുള്ള കടകൾ ഇന്നുമുതൽ തുറന്ന് പ്രവർത്തിക്കാൻ ജില്ലാ കളക്ടർ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ ഇവിടേക്ക് പുറത്ത് നിന്ന് പക്ഷികളെ കൊണ്ടുവരാൻ പാടില്ല എന്ന കർശന നിർദേശമുണ്ട്.