പയ്യന്നൂരില്‍ മാതാവിന് ക്രൂരമായി മര്‍ദ്ദനം; മകളും ഭര്‍ത്താവും കസ്റ്റഡിയില്‍

    കണ്ണൂര്‍: പയ്യന്നൂരില്‍ വൃദ്ധമാതാവിനെ ക്രൂരമായി പീഡിപ്പിച്ച മകളും ഭര്‍ത്താവും കസ്റ്റഡിയില്‍. മര്‍ദ്ദനമേറ്റ മാതാവ് കാര്‍ത്യായനിയെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മകള്‍ ചന്ദ്രമതി മാതാവിനെ ചൂലിനും മറ്റും തല്ലുന്ന ദൃശ്യങ്ങള്‍ രാവിലെ മുതല്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഇവര്‍ക്കെതിരേ ഏതെല്ലാം വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് ആലോചിക്കുകയാണ് പോലീസ് പറഞ്ഞു.

    ദൃശ്യങ്ങളടക്കമുള്ള തെളിവുകള്‍ നല്‍കി ആണ്‍ മക്കളില്‍ ഒരാളാണ് പരാതിയുമായി രംഗത്തെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ അന്വേഷിക്കാന്‍ എത്തിയ പോലീസിനോടുള്ള ചന്ദ്രമതിയുടെ പ്രതികരണം അതിരൂക്ഷമായിരുന്നു.

    മാതാവിനെ നോക്കേണ്ട ചുമതല തന്റേതല്ലെന്നും അത് ആണ്‍മക്കളാണ് ചെയ്യേണ്ടതെന്നുമുള്ള നിലപാടായിരുന്നു ചന്ദ്രമതി പോലീസിനു മുന്നില്‍ സ്വീകരിച്ചത്. ചെയ്ത കൃത്യത്തില്‍ തനിക്ക് ഖേദമില്ലെന്നും കേസെടുക്കുന്നെങ്കില്‍ എടുക്കാനും ഇവര്‍ പറഞ്ഞു.

    ഇവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാനാണ് പോലീസ് ആലോചിക്കുന്നത്. സ്വത്ത് തട്ടിയെടുക്കല്‍, വയോധികയ്ക്ക് ക്രൂര മര്‍ദ്ദനം, തുടങ്ങിയവയ്ക്ക് പുറമേ വയോജന സംരക്ഷണ നിയമപ്രകാരമുള്ള കുറ്റങ്ങള്‍ കൂടി ചുമത്തും.

    ഇതിനിടെ, സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമെന്ന് സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെകെ ഷൈലജ പ്രതികരിച്ചു.

    ചന്ദ്രമതിയെ കൂടാതെ രണ്ട് ആണ്‍മക്കളും കാര്‍ത്യായനിയ്ക്ക് ഉണ്ട്. എന്നാല്‍, സ്വത്ത് എഴുതി വാങ്ങിയിരിക്കുന്നതിനാല്‍ മാതാവിനെ ചന്ദ്രമതി തന്നെ നോക്കണമെന്ന നിലപാടാണ് ആണ്‍മക്കള്‍ എടുത്തിരിക്കുന്നതെന്നാണ് സൂചന.