ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് സംഘത്തില്‍ കൂട്ടരാജി, കാരണം അധികാര തര്‍ക്കമെന്ന് സൂചന

ആരോഗ്യമന്ത്രി കെ. മുരളീധരന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ അപ്രതീക്ഷിത രാജി. അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ശ്രീലാല്‍, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവച്ചത്. രാജിയുടെ കാരണം വ്യക്തമല്ലെങ്കിലും അമിത ജോലിഭാരമാണ് കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ഉദ്യോഗതലത്തിലെ തര്‍ക്കങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് സൂചന.

അധികാര തര്‍ക്കങ്ങളും അധികാരം സ്ഥാപിക്കാനുള്ള ശ്രമങ്ങളുമൊക്കെയാണ് രാജിയിലേയ്ക്ക് നയിച്ചതെന്നാണ് സൂചന. സര്‍ക്കാര്‍ അധികാരമേറ്റ് ആഴ്ചകള്‍ പിന്നിടുമ്പോള്‍ വലിയ പ്രതിസന്ധികളാണ് ഇത്തരത്തില്‍ ഉയരുന്നത്. മുമ്പ് വൈദ്യുത വകുപ്പ് മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫുമായി ബന്ധപ്പെട്ട വാര്‍ത്തകളും വലിയ ചര്‍ച്ചയായിരുന്നു. പേഴ്‌സണല്‍ സ്റ്റാഫുകളില്‍ നിന്നും പാര്‍ട്ടി അംഗങ്ങളെ തഴയുന്നതായ ആക്ഷേപവും കോണ്‍ഗ്രസില്‍ സജീവമാണ്.