പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ഡോക്ടർമാരുടെ കൂട്ടായ ശ്രമത്തിലൂടെ 75 വയസ്സ് പ്രായമുള്ള സ്ത്രീയുടെ വയറ്റിൽനിന്ന് മൂന്നര കിലോഗ്രാം വലിപ്പമുള്ള മുഴ നീക്കം ചെയ്തു. വയറ്റിൽ ഗ്യാസിന്റെ പ്രശ്നങ്ങളുമായി ആശുപത്രിയിലെത്തിയ 75 കാരിയായ സ്ത്രീക്ക് സ്കാനിങിലൂടെയാണ് 21 സെ.മീ നീളവും 20 സെ.മീ വീതിയുമുള്ള മുഴയുണ്ടെന്ന് കണ്ടുപിടിച്ചത്. തുടർന്ന് ഡോക്ടർമാർ ശസ്ത്രക്രിയക്ക് നിർദേശിക്കുകയായിരുന്നു. പ്രഷറും പ്രമേഹവും ശ്വാസം മുട്ടലും ഉള്ള വയോധികക്ക് അനസ്തീഷ്യയും വെല്ലുവിളിയായി. പെരിന്തൽമണ്ണ ജില്ല ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെയും അനസ്തീഷ്യ വിഭാഗത്തിലെയും ഡോക്ടർമാരുടെ നേതൃത്വത്തിൽ ഓപറേഷൻ തിയറ്ററിലെ നഴ്സിങ് വിഭാഗത്തിന്റെയും ടെക്നീഷ്യന്മാരുടെയും പിന്തുണയോടെയാണ് സർജറി സാധ്യമാക്കിയത്.



















