ലോകത്ത് പ്രതിവർഷം 10 ലക്ഷം മരണങ്ങൾക്ക് ഹൃദയാഘാതം കാരണമാകുന്നുണ്ടെന്ന് റിപ്പോർട്ട്. കണക്കുകൾ പ്രകാരം ചെറുപ്പത്തിൽ ഹൃദയാഘാതം വരാനുള്ള സാധ്യത സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്കാണ് കൂടുതൽ. എന്നാൽ ആർത്തവവിരാമത്തിന് ശേഷം സ്ത്രീകൾക്ക് ഹൃദയാഘാതമുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാകുന്നത്. രക്തസമ്മർദ്ദം, ഭക്ഷണക്രമം, പുകവലി എന്നിവ ഹൃദ്രോഗ സാധ്യതയെ എങ്ങനെ ബാധിക്കുമെന്നത് നേരത്തെ വ്യക്തമായ കാര്യമാണ്. എന്നാൽ, ഈ സാധ്യതകളെല്ലാം പുരുഷന്മാരേക്കാൾ സ്ത്രീകളുടെ ഹൃദയാരോഗ്യത്തെ അപകടത്തിലാക്കുന്നുവെന്നാണ് പുതിയ കണ്ടെത്തൽ. ചിക്കാഗോയിൽ നടക്കുന്ന അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ വാർഷിക ശാസ്ത്ര സെഷനിൽ ഈ കണ്ടെത്തലുകൾ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 60 ശതമാനം സ്ത്രീകളടങ്ങുന്ന 1,75,000 പേരടങ്ങുന്ന സംഘത്തിലാണ് ഗവേഷകർ പഠനം നടത്തിയത്. പഠനത്തിന്റെ തുടക്കത്തിൽ ആർക്കും ഹൃദ്രോഗങ്ങളില്ലായിരുന്നു. കൂടാതെ, ഇവരുടെ രക്തസമ്മർദ്ദം, ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങൾ, ഉറക്കം, പുകവലി നില, രക്തത്തിലെ ഗ്ലൂക്കോസ് തുടങ്ങിയവ കണക്കിലെടുക്കുകയും ചെയ്തിരുന്നു. 11 വർഷമാണ് ഈ പഠനം നീണ്ടുനിന്നത്. ഹൃദയാരോഗ്യത്തെ ബാധിക്കുന്ന സമാനമായ പ്രശ്നങ്ങളുള്ളവരിൽ പുരുഷന്മാരേക്കാൾ അപകടസാധ്യത സ്ത്രീകൾക്കാണെന്ന് പഠനത്തിൽ കണ്ടെത്തി. കൂടാതെ, ആർത്തവവിരാമം, ഗർഭധാരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മാനസിക സമ്മർദ്ദം തുടങ്ങിയവയും സ്ത്രീകളിൽ അപകടസാധ്യത വർധിക്കുന്നതിന് കാരണമാക്കുകയും ചെയ്യും.