തുടർച്ചയായി 32 മണിക്കൂർ ഉറങ്ങിയ പ്രവാസിയെ ഷാർജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. ക്ഷീണിതനായി ജോലിസ്ഥലത്ത് നിന്ന് മടങ്ങിയ 51 വയസ്സുകാരനാണ് ഷാർജയിലെ താമസസ്ഥത്ത് 32 മണിക്കൂർ നീണ്ട ഗാഢനിദ്രയിലമർന്നത്. ഉറക്കത്തിൽ ഒരു മായാലോകത്തെത്തിപ്പെട്ട പോലെ തനിക്ക് അനുഭവപ്പെട്ടന്ന് ഇദ്ദേഹം വ്യക്തമാക്കി. ഡോക്ടർമാർ ഇദ്ദേഹത്തെ അടിയന്തര പരിശോധനയ്ക്കായി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അസാധാരണമാംവിധം ഉണ്ടായ ഉറക്കത്തിന്റെ കാരണം തിരിച്ചറിയാൻ രക്തപരിശോധന, ന്യൂറോളജിക്കൽ സ്കാനുകൾ, ടോക്സിക്കോളജി റിപോർട്ടുകൾ തുടങ്ങിയവ പരിശോധിച്ചു. അന്തിമ രോഗനിർണയം ഡോക്ടറെ പോലും അത്ഭുതപ്പെടുത്തി. ഉറക്കത്തെയും ബോധത്തെയും നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തെ ആക്രമിക്കുന്ന അപൂർവമായ ഫംഗസ് അണുബാധ ആയിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. ഇതിനെ ഡോക്ടർമാർ ‘ഓട്ടോമാറ്റിക് റിപയർ മോഡ്’ എന്ന് വിശേശേഷിപ്പിച്ചു. സ്വയം സംരക്ഷിക്കാൻ അദ്ദേഹത്തിന്റെ മസ്തിഷ്കം പ്രവർത്തനരഹിതമാവുകയും ദീർഘനേരം ഉറക്കത്തിലേക്ക് വീഴുകയും ചെയ്തുവെന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി. അദ്ദേഹം കുറച്ച് മണിക്കൂർ കൂടി ഉറങ്ങിയിരുന്നെങ്കിൽ അത് കോമയിലേക്കോ മരണത്തിലേക്കോ നയിച്ചേനെ. 45 വയസ്സിനു മുകളിലുള്ളവരിലാണ് ഈ രോഗാവസ്ഥ കണ്ടു വരുന്നത്.