കേരളത്തിന് മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു

കേരളത്തിന് മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. 2024 ഡിസംബര്‍ 7 മുതല്‍ 2025 മാര്‍ച്ച് 7 വരെ നടന്ന ക്ഷയരോഗ നിവാരണ പദ്ധതിയുടെ 100 ദിനകര്‍മ്മ പരിപാടിയില്‍ പരമാവധി നാറ്റ് ടെസ്റ്റ് ചെയ്തതിനുള്ള പുരസ്‌കാരമാണ് കേരളത്തിന് ലഭിച്ചത്. 87,330 പേര്‍ക്കാണ് പരിശോധന നടത്തിയത്. അതില്‍ 71,238 പേര്‍ക്കും ആധുനിക മോളിക്യൂലര്‍ പരിശോധനായ സി.ബി.നാറ്റ്, ട്രൂനാറ്റ് പരിശോധനകള്‍ നടത്താൻ സാധിച്ചു. 18 ശതമാനം പേര്‍ക്ക് മാത്രമാണ് പഴയരീതിയിലുള്ള മൈക്രോസ്‌കോപ്പ് പരിശോധന നടത്തിയത്. എന്നാൽ സംസ്ഥാനത്തെ നാറ്റ് പരിശോധന ശരാശരി 82 ശതമാനമാണ്. മാത്രമല്ല 5,588 ക്ഷയരോഗ ബാധിതരെ കണ്ടെത്തി തുടര്‍ചികിത്സ നൽകാനും സാധിച്ചു. ഇതിനുള്ള അംഗീകാരമായാണ് സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരം ലഭിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയില്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജെപി നഡ്ഡ കേരളം നടത്തുന്ന ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. ക്ഷയരോഗ നിവാരണത്തിനായി വിവിധങ്ങളായ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പിലാക്കി വരുന്നത്. സര്‍ക്കാര്‍ മേഖലയോടൊപ്പം സ്വകാര്യ മേഖലയിലെയും ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതിന് 2022ലും 2023ലും സംസ്ഥാനത്തിന് ദേശീയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2024ല്‍ 138 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ക്ഷയരോഗ മുക്ത പഞ്ചായത്ത് അവാര്‍ഡിന് അര്‍ഹത നേടുകയും ചെയ്തു. വയനാട്, ഇടുക്കി എന്നീ ജില്ലകളിലെ പകുതിയിലധികം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ക്ഷയരോഗമുക്ത പദവിക്ക് അര്‍ഹത നേടിയിട്ടുണ്ട്.