തമിഴ് നാട്ടിൽ ആർത്തവത്തിന്റെ പേരിൽ ദലിത് വിദ്യാർഥിനിയെ പരീക്ഷാഹാളിൽ കയറ്റാതെ തറയിലിരുത്തിയ പ്രിൻസിപ്പലിന് സസ്പെൻഷൻ. പൊള്ളാച്ചി കിണത്തുകടവ് ശെങ്കുട്ടുപാളയത്തെ സ്വകാര്യ സ്കൂളിലാണു സംഭവം. കുട്ടിയുടെ പിതാവ് സുരേന്ദ്രരാജിന്റെ പരാതിയിൽ സ്കൂൾ മാനേജർ തങ്കവേൽ പാണ്ഡ്യൻ, പ്രധാനാധ്യാപിക എം.ആനന്ദി, ഓഫിസ് അസിസ്റ്റന്റ് ശാന്തി എന്നിവർക്കെതിരെ എസ്എസി എസ്ടി ആക്ട് ഉൾപ്പെടെ ചുമത്തി പൊലീസ് കേസെടുത്തു. അധ്യാപികയെ സസ്പെൻഡ് ചെയ്തു. കുട്ടിക്ക് ആദ്യമായി ആർത്തവമുണ്ടായ വിവരം രക്ഷിതാക്കൾ അറിയിച്ചപ്പോൾ പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിക്കാൻ അധ്യാപകർ നിർദേശിച്ചു. കഴിഞ്ഞ 6നു പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ കുട്ടി കാലു വേദനിക്കുന്നതായും തറയിലിരുന്നാണു പരീക്ഷയെഴുതിയതെന്നും വ്യക്തമാക്കി. അടുത്ത ദിവസവും പുറത്തു നിലത്തിരുത്തി പരീക്ഷ എഴുതിച്ചതു കണ്ടു ബന്ധു വിഡിയോ പകർത്തി. ഈ ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. വിശദമായ അന്വേഷണം നടത്താൻ കോയമ്പത്തൂർ ജില്ലാ കലക്ടർ പവൻകുമാർ ഗിരിയപ്പനവർ ജില്ലാ പ്രിൻസിപ്പൽ എജ്യുക്കേഷൻ ഓഫിസർക്കു നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ