പെരിറ്റോണിയല്‍ ഡയാലിസിസ് സംവിധാനം വ്യാപിപ്പിക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്

സംസ്ഥാനത്ത വൃക്കരോഗികള്‍ക്ക് വീട്ടില്‍ തന്നെ ഡയാലിസിസ് സാധ്യമാക്കുന്ന പെരിറ്റോണിയല്‍ ഡയാലിസിസ് സംവിധാനം വ്യാപിപ്പിക്കാന്‍ ഒരുങ്ങി ആരോഗ്യ വകുപ്പ്. നിലവിലെ 14 കേന്ദ്രങ്ങള്‍ വഴിയുള്ള പ്രവര്‍ത്തനം വിജയകരമാണെന്ന വിലയിരുത്തലിലാണ് ഓരോ ജില്ലയിലും ഒരു സാറ്റലൈറ്റ് കേന്ദ്രം കൂടി തുറക്കുന്നത്. ഇതോടെ സംസ്ഥാനത്ത് പെരിറ്റോണിയല്‍ ഡയാലിസിസിന് സൗകര്യമൊരുക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം 28 ആയി ഉയരുകയും ചെയ്യും. നിലവില്‍ 700ഓളം രോഗികളാണ് ഈ സംവിധാനം പ്രയോജനപ്പെടുത്തുന്നത്. ഈ പദ്ധതിക്കായി 9.90 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഡയാലിസിസിന് വിയേധരാകുന്നവരുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ചികിത്സാ സംവിധാനങ്ങള്‍ വിപുലീകരിക്കാന്‍ ആരോഗ്യ വകുപ്പ് പദ്ധതി തയാറാക്കിയത്. കൂടാതെ സര്‍ക്കാര്‍ ആശുപത്രികളിലെ ഡയാലിസിസ് സൗകര്യവും വര്‍ധിപ്പിക്കുന്നതാണ്. നിലവില്‍ ജില്ല, ജനറല്‍, താലൂക്ക് എന്നീ ആശുത്രികളിലും സാമൂഹിക-കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമായി 110 ഡയാലിസിസ് കേന്ദ്രങ്ങളുമുണ്ട്. 28 താലൂക്ക് ആശുപത്രികളില്‍ കൂടി കേന്ദ്രങ്ങള്‍ തുറക്കാനാണ് പുതിയ പദ്ധതി.