ഇന്ത്യക്കാരില്‍ പകുതിയിലധികംപേരുടെയും ഉറക്കം അത്ര ശരിയല്ലെന്ന് സർവേ റിപ്പോർട്ട്. 59 ശതമാനം പേരും 6 മണിക്കൂറില്‍ താഴെ മാത്രമേ തടസ്സമില്ലാതെ ഉറങ്ങാന്‍ കഴിയുന്നുള്ളൂവെന്ന് അടുത്തിടെ നടത്തിയ ഒരു സര്‍വേയിൽ കണ്ടെത്തി. ലോക ഉറക്ക ദിനത്തോടനുബന്ധിച്ച് ലോക്കല്‍ സര്‍ക്കിള്‍ നടത്തിയ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇടയ്ക്കിടെ മൂത്രമൊഴിക്കാന്‍ പോകണം, അല്ലെങ്കില്‍ കൊതുകുശല്യം, പുറത്ത് നിന്നുള്ള ശബ്ദങ്ങള്‍, പങ്കാളികളുടെ പ്രശ്‌നങ്ങള്‍, ഫോണ്‍കോളുകളുടെ ഉപയോഗം ഇങ്ങനെയൊക്കെയായി ആളുകളിൽ ഉറക്കം ശരിയാകുന്നില്ല. ഉറക്കക്കുറവ് തൊഴില്‍ ഉത്പാദനക്ഷമത കുറയ്ക്കുന്നതിനും, ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും, റോഡപകട സാധ്യത തുടങ്ങിയവ വര്‍ദ്ധിക്കുന്നതിനും കാരണമാകുമെന്ന് സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. സര്‍വേയ്ക്കായി 40000ത്തോളം ആളുകളില്‍നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ഇതില്‍ 61 ശതമാനം പുരുഷന്‍മാരും 39 ശതമാനം സ്ത്രീകളുമായിരുന്നു. പകുതിയിലധികം ഇന്ത്യക്കാര്‍ 6 മണിക്കൂറില്‍ താഴെയാണ് ഉറങ്ങുന്നത് എന്നത് ആരോഗ്യപരമായ ഒരു ആശങ്കയാണെന്ന് ലോക്കല്‍ സര്‍ക്കിള്‍സിന്റെ സ്ഥാപകനായ സച്ചിന്‍ തപാരിയ ചൂണ്ടിക്കാട്ടി. ലോകത്ത് ഉറക്കക്കുറവ് ഉയര്‍ന്ന നിരക്കുള്ള രാജ്യങ്ങളില്‍ ഒന്നാമത് ഇന്ത്യയായിരിക്കുമെന്നും ഇത് ഹൃദ്രോഗം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.