ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാരായ പുരുഷന്മാരിൽ 57 ശതമാനം പേര്‍ക്കും വിറ്റമിന്‍ ബി12-ന്റെ കുറവെന്ന് പഠന റിപ്പോർട്ട്. ശരീരത്തില്‍ ഊര്‍ജം ഉത്പാദിപ്പിക്കുകയും തലച്ചോറിന്റെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്ന പോഷകമാണ് വിറ്റമിന്‍ ബി12. ഈ വിറ്റമിന്‍റെ അഭാവം പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളിലേക്കും നമ്മുടെ ശരീരത്തെ തള്ളിവിട്ടേക്കാം. കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാരായ സ്ത്രീകളില്‍ 50 ശതമാനവും വിറ്റമിന്‍ ബി12-ന്റെ കുറവ് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. 3,338 പുരുഷന്മാരിലും 1,059 സ്ത്രീകളിലും നടത്തിയ പഠനത്തിലാണ് നിര്‍ണായകമായ ഈ കണ്ടെത്തല്‍. ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡര്‍മാരായ മെഡിബഡ്ഡിയാണ് പഠനം നടത്തിയത്. ജോലി സംബന്ധമായ കടുത്ത മാനസികസമ്മര്‍ദ്ദം, ജങ്ക് ഫുഡ് പോലുള്ളവ കൂടുതലായി ഉൾപ്പെടുത്തിയ ഭക്ഷണക്രമം, കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിക്കാതിരിക്കൽ എന്നിവയാണ് കോര്‍പ്പറേറ്റ് ജീവനക്കാരിലെ വിറ്റമിന്‍ ബി12-ന്റെ അഭാവമുണ്ടാകാൻ പ്രധാന കാരണം. വായില്‍ അള്‍സർ, സൂചി കുത്തുന്നതുപോലുള്ള തോന്നല്‍, നടക്കുമ്പോള്‍ ബാലന്‍സ് കിട്ടാതെവരുക, കൈ-കാലുകളില്‍ മരവിപ്പ്, കാഴ്ച പ്രശ്‌നങ്ങള്‍, മറവി, വിഷാദം, പെട്ടെന്ന് ഭാരം നഷ്ടമാകല്‍, ക്ഷീണം, തളര്‍ച്ച എന്നീ പ്രശ്‌നങ്ങള്‍ വിറ്റമിന്‍ ബി12-ന്റെ കുറവ് കാരണം അനുഭവപ്പെടാം. ഡയറ്റില്‍ വരുത്തുന്ന ചില മാറ്റങ്ങളിലൂടെ വിറ്റമിന്‍ ബി12-ന്റെ കുറവ് പരിഹരിക്കാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യം ജങ്ക് ഫുഡ് ഒഴിവാക്കേണ്ടതാണ്. നോണ്‍ വെജിറ്റേറിയന്‍ ആളുകള്‍ക്ക് മുട്ട, പാല്‍, ചീസ്, ചിക്കന്‍, മത്സ്യം എന്നിവ ഭക്ഷിക്കുന്നതിലൂടെ ശരീരത്തില്‍ വിറ്റമിന്‍ ബി12 കൂട്ടാൻ സാധിക്കും. യോഗട്ട്, തൈര്, വിവിധ തരത്തിലുള്ള അച്ചാര്‍ തുടങ്ങിയവയിലും വിറ്റമിന്‍ ബി12-ന്റെ അംശം അടങ്ങിയിട്ടുണ്ട്. ചീര, ബീറ്റ്‌റൂട്ട്, പോമോഗ്രാനൈറ്റ് തുടങ്ങിയവയിലും വിറ്റമിന്‍ ബി12-ന്റെ സാന്നിധ്യം ധാരാളമായുണ്ട്.