സംസ്ഥാനത്ത് 14 മാസത്തിനിടെ 74,300 കുട്ടികള്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചതായി റിപ്പോർട്ട്

സംസ്ഥാനത്ത് 14 മാസത്തിനിടെ 74,300 കുട്ടികള്‍ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചതായി റിപ്പോർട്ട്. 2017-നു ശേഷം മുണ്ടിനീര് അടക്കമുള്ള 3 രോഗങ്ങളെ ചെറുക്കുന്ന എംഎംആര്‍ വാക്‌സിന്‍ നല്‍കാത്തതാണ് രോഗബാധ കൂടാന്‍ കാരണം. കേന്ദ്രസര്‍ക്കാരാണ് ഈ വാക്‌സിന്‍ ഡോസ് അനുവദിക്കുന്നത്. 2017-ല്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ വാക്‌സിനേഷന്‍ പട്ടികയില്‍ എംഎംആര്‍ വാക്‌സിന്‍ ഉള്‍പ്പെടുത്തിയില്ല. മീസില്‍സ്, റൂബെല്ല എന്നീ വാക്‌സിന്‍മാത്രമാണ് കേന്ദ്രം വിതരണംചെയ്യുന്നത്. കേരളം കുറച്ചുകാലത്തേക്ക് എംഎംആര്‍ വാക്‌സിന്‍ വാങ്ങി കുട്ടികള്‍ക്ക് നല്‍കിയെങ്കിലും തുടര്‍ന്നില്ല. മുണ്ടിനീര് വ്യാപനം കണ്ട സാഹചര്യത്തില്‍ 2017-ലെ നയം തിരുത്തി എംഎംആര്‍ അനുവദിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. വയനാട്ടില്‍ ഒരു സ്‌കൂള്‍ 29 ദിവസവും ആലപ്പുഴയില്‍ എട്ട് സ്‌കൂളുകള്‍ 21 ദിവസവും അടച്ചിടേണ്ടിവന്നു. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും കൂടുതലായി രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇവിടെയും സ്‌കൂളുകള്‍ ഒരാഴ്ചയ്ക്കുമേല്‍ അടച്ചിട്ടിരുന്നു. വൈറസാണ് മുണ്ടിനീര് ബാധയ്ക്കു കാരണം. ഗുരുതരസാഹചര്യത്തില്‍ പ്രത്യുത്പാദനവ്യവസ്ഥയെവരെ ബാധിക്കാവുന്ന രോഗമാണിത്.