വവ്വാലുകളുടെ പ്രജനന കാലമാകുന്നതോടെ വടക്കൻ ജില്ലകളിൽ തുടർച്ചയായി നിപ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടികളുമായി കോഴിക്കോട് മെഡിക്കൽ കോളജിലെ നിപ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്. ഇതിൻറെ ഭാഗമായി സംസ്ഥാനത്ത് നിപ ഹോട്ട് സ്പോട്ടായി നിർണയിക്കപ്പെട്ട കോഴിക്കോട്, വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി എന്നി അഞ്ച് ജില്ലകളിൽ ബോധവത്കരണത്തിന് നടപടികൾ സ്വീകരിച്ചുതുടങ്ങിയതായി നിപ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫിസർ ഡോ. ടി.എസ്. അനീഷ് വ്യക്തമാക്കി.സംസ്ഥാനത്ത് ആറുതവണ വവ്വാലുകളിൽ നിന്ന് നിപ വൈറസ് മനുഷ്യരിലേക്ക് പകർന്നപ്പോൾ ഇതിൽ രണ്ടു തവണയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നിപ ഔട്ട്ബ്രൈക്ക്ഉണ്ടായത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം വ്യാപനം ഉണ്ടായിരുന്നില്ല. മേയ് മുതൽ സെപ്റ്റംബർ വരെയാണ് കേരളത്തിൽ നിപ സാധ്യതാ കാലമായി പരിഗണിക്കുന്നത്. സംസ്ഥാനത്ത് 2018 മുതൽ 2024 വരെ ആറു തവണയായി 33 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 88 ശതമാനവും കോഴിക്കോട് ജില്ലയിലായിരുന്നതിനാൽ നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ല ഏറെ പ്രധാന്യമർഹിക്കുന്നുണ്ടെന്നും ഡോ അനീഷ് വ്യക്തമാക്കി.