സംസ്ഥാനത്ത് മഞ്ഞപ്പിത്തം വ്യാപകമായി പടരുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ 3 ദിവസത്തിനുള്ളില്‍ 88 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 185 പേരാണ് രോഗം സംശയിച്ച് ചികിത്സ തേടിയത്. രോഗം ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. ഉഷ്ണകാലാവസ്ഥയില്‍ കൂടുതലായി കാണപ്പെടുന്ന രോഗമാണ് മഞ്ഞപ്പിത്തം അഥവാ ഹെപ്പറ്റൈറ്റിസ് എ. ത്വക്കും കണ്ണും മഞ്ഞ നിറത്തിലാകുക എന്നതാണ് പ്രകടമായ ലക്ഷണങ്ങള്‍. കരള്‍ സംബന്ധമായ മിക്കവാറും എല്ലാ രോഗങ്ങളുടെയും ലക്ഷണം മഞ്ഞപ്പിത്തമാണ്. സംസ്ഥാനത്ത് ജനുവരിയില്‍ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 3 പേരാണ് മരിച്ചത്. 927 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 1630 പേർ രോഗം സംശയിച്ച് ചികിത്സ തേടി. ഫെബ്രുവരിയില്‍ 780 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 4 പേര്‍ മരിച്ചതായും റിപ്പോര്‍ട്ട് ചെയ്തു. 1774 പേരാണ് രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയത്. ഈ വര്‍ഷം ഇതുവരെ 1796 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. 8 പേര്‍ രോഗം ബാധിച്ച് മരിച്ചു. സംശയകരമായി 3554 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം 7 പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ഇ-യും സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ ഓങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ രോഗബാധയുള്ളതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.