ഹൈ ഗ്രേഡ് ബി സെല്‍ ലിംഫോമ രോഗിയായ 47- കാരനില്‍ CAR T സെല്‍ തെറാപ്പി ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയാതായി റിപ്പോർട്ട്. തിരുവനന്തപുരം കിംസ്‌ഹെല്‍ത്ത് ക്യാന്‍സര്‍ സെന്ററിലാണ് ചികത്സ വിജയകരമായി പൂര്‍ത്തിയാക്കിയത് . ഫസ്റ്റ് ലൈന്‍ കീമോതെറാപ്പിയോട് രോഗിയുടെ ശരീരം പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് നൂതന ചികിത്സാരീതിയിലേക്ക് മെഡിക്കല്‍ സംഘം നീങ്ങിയത്. അപൂര്‍വ്വവും അതീവ ഗുരുതരവുമായ ബി സെല്‍ നോണ്‍ ഹോഡ്ജ്കിന്‍ ലിംഫോമയുടെ വകഭേദമായിരുന്നു രോഗിയിലുണ്ടായിരുന്നത്. മനുഷ്യശരീരത്തിലെ പ്രതിരോധ സംവിധാനത്തിലെ ലിംഫാറ്റിക് സിസ്റ്റത്തെ ബാധിക്കുന്ന പ്രത്യേകതരം രക്താർബുദമാണ് നോണ്‍ ഹോജ്കിൻസ് ലിംഫോമ. കീമോ തെറാപ്പിയുടെ 6 സൈക്കിളുകള്‍ പിന്നിട്ടിട്ടും രോഗബാധ ഗുരുതരമായി തുടരുന്നു എന്ന് പെറ്റ് സ്‌കാനില്‍ കണ്ടെത്തി. തുടർന്ന് ഹെമറ്റോ ഓങ്കോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ബിജയ് പി നായര്‍ നേതൃത്വം നല്‍കിയ കിംസ്ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം CAR T- സെൽ തെറാപ്പിയാണ് അനുയോജ്യ ചികിത്സാരീതിയെന്ന് നിര്‍ണയിക്കുകയായിരുന്നു. ക്യാന്‍സര്‍ കോശങ്ങളെ തിരിച്ചറിഞ്ഞ് നശിപ്പിക്കുവാനായി രോഗിയുടെ രക്തത്തിലെ ശ്വേത രക്താണുക്കളിൽ ഒരുവിഭാഗമായ ടി- സെല്ലുകളില്‍ ജനിതക മാറ്റങ്ങള്‍ വരുത്തുന്ന ഒറ്റത്തവണയായുള്ള ചികിത്സാരീതിയാണ് ഇത്. ലിംഫോമയ്‌ക്കെതിരെ പൊരുതുവാന്‍ ശരീരത്തിലെ രോഗപ്രതിരോധ സെല്ലുകളെ ഉപയോപ്പെടുത്തുന്ന ഒരു വ്യത്യസ്ത രീതിയിലാണ് CAR T- തെറാപ്പി പ്രവര്‍ത്തിക്കുന്നത് എന്നതിനാല്‍ രോഗിയ്ക്ക് അനുയോജ്യമായ ഏറ്റവും മികച്ച ചികിത്സാരീതി ഇതായിരുന്നു എന്ന് ഡോ. ബിജയ് പി നായര്‍ വ്യക്തമാക്കി. ജനിതക മാറ്റം വരുത്തിയ ടി സെല്ലുകളുടെ എന്‍ഗ്രാഫ്റ്റ്‌മെന്റിനായി രോഗിയുടെ ശരീരത്തെ സജ്ജമാക്കുന്നതിനായി കീമോതെറാപ്പിയും നല്‍കി. തുടർന്ന് രോഗിയുടെ രക്തത്തില്‍ നിന്നും ടി സെല്ലുകള്‍ വേര്‍തിരിച്ച് ലബോറട്ടറിയില്‍ അവയെ ജനിതകമാറ്റം വരുത്തി രോഗിയില്‍ തിരികെ നിക്ഷേപിക്കും. ക്യാൻസർ കോശങ്ങളെ കൂടുതൽ കൃത്യമായി തിരിച്ചറിയാനും നശിപ്പിക്കാനുമുള്ള ശേഷി ഈ ടി-സെല്ലുകൾക്ക് കൃത്രിമമായി നൽകുന്നു. ഈ കോശങ്ങൾ ലിംഫോമയ്‌ക്കെതിരെ ഫലപ്രദമായ പ്രതിരോധം ഉറപ്പാക്കുവാന്‍ ജനിതക മാറ്റം വരുത്തിയ സെല്ലുകള്‍ പെരുകുകയും ചെയ്യുന്നതാണ്.