ബ്ലാക്ക് മെയിലിംഗ് ജേർണലിസം- വ്യാജ ഓൺലൈൻ മീഡിയകൾക്കും യു ട്യൂബ് ചാനലുകൾക്കുമെതിരെ നടപടിയെടുക്കാൻ സോണൽ ഐ.ജി മാർക്ക് നിർദ്ദേശം നല്കി എ.ഡി.ജി.പി മനോജ് എബ്രഹാം. നടപടി പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്സ് ബോഡി ആയ കോം ഇന്ത്യയുടെ പരാതിയിൽ ബ്ലാക്ക് മെയിലിംഗിനും പണപ്പിരിവിനുമായി നടത്തപ്പെടുന്ന വ്യാജ ഓൺലൈൻ ന്യൂസ് പോർട്ടലുകൾക്കും യൂട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകൾക്കും എതിരെ കർശന നടപടി സ്വീകരിക്കാൻ കേരള പൊലീസ് നടപടി തുടങ്ങി.
കേരളത്തിലെ പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്സ് ബോഡി ആയ കോം ഇന്ത്യ ( കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യ) ഭാരവാഹികൾ ഇതു സംബന്ധിച്ചു നൽകിയ പരാതിയിൽ അന്വേഷിച്ച് നടപടിയെടുക്കാൻ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹമാണ് ദക്ഷിണ – ഉത്തര മേഖല ഐ.ജിമാർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
വളരെ ഗുരുതരമായ കാര്യങ്ങളാണ് മുഖ്യമന്ത്രിക്കും, ഡി.ജിപിക്കും എ.ഡി.ജി.പിക്കും നൽകിയ പരാതിയിൽ കോം ഇന്ത്യ പ്രസിഡൻ്റ് സാജ് കുര്യനും സെക്രട്ടറി കെ.കെ ശ്രീജിത്തും ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഓൺലൈൻ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവിൽ മാധ്യമപ്രവർത്തനമെന്ന പേരിൽ സംസ്ഥാനത്ത് വ്യാപകമായി ബിസിനസ് സ്ഥാപനങ്ങൾ, വ്യവസായികൾ, ആശുപത്രികൾ, മത – രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെയുള്ളവരെ ഭീക്ഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന അനവധി സംഭവങളാണ് അരങ്ങേറുന്നത്. മാധ്യമപ്രവർത്തന പരിചയവും മീഡിയ പശ്ചാത്തലമോ പോലും ഇല്ലാതെ തട്ടിപ്പുകൾക്ക് വേണ്ടി മാത്രം നടത്തപ്പെടുന്ന ഇത്തരം പല വ്യാജ ഓൺലൈൻ മാധ്യമങ്ങൾക്ക് പിന്നിലും ക്വട്ടേഷൻ സംഘങ്ങൾ മുതൽ മറ്റ് സാമൂഹ്യവിരുദ്ധ ശക്തികൾ വരെ ഉണ്ടെന്നാണ് സംശയിക്കുന്നതെന്ന് കോം ഇന്ത്യ നല്കിയ പരാതിയിൽ പറയുന്നു. ചിലർ വെബ്സൈറ്റുകൾ പോലുമില്ലാതെ ഫേസ്ബുക്ക് പേജുകളിൽ തലക്കെട്ടുകൾ നല്കി മീഡിയ എന്ന പേരിൽ സ്ഥാപനങ്ങളെ സമീപിക്കുന്നതും പതിവാണ്.
ഇത്തരം മാധ്യമങ്ങളിൽ ചിലർ ഒത്തുകൂടി ചില അസോസിയേഷനുകൾ രൂപീകരിച്ച് അതിൻറെ പേരിലും കൂട്ടായ പണപ്പിരിവുകൾ നടക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളിൽ ഇത്തരം ബ്ലാക്മെയിലിങ്ങിനെതിരെ നിരവധി പരാതികൾ ഉണ്ടായിട്ടുണ്ടെന്നതും കോം ഇന്ത്യയുടെ പരാതിയിൽ ചൂണ്ടികാട്ടുന്നുണ്ട്. മുഖ്യമന്ത്രി, ഡിജിപി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവർക്കാണ് പരാതി നല്കിയിരുന്നത്. പരാതി നല്കി ഉടൻ തന്നെ എഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടെന്നത് ശ്രദ്ധേയമാണ്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ സമാന സംഭവങ്ങളിൽ മുൻ കാലങ്ങളിൽ ഉണ്ടായിട്ടുള്ള പരാതികളും പോലീസ് പരിശോധിക്കും. മാധ്യമ പ്രവർത്തന പശ്ചാത്തലമോ പരിചയമോ ഇല്ലാതെ നടത്തപ്പെടുന്ന ഇത്തരം വെബ്സൈറ്റുകളിൽ വന്ന വ്യാജ വാർത്തകളുടെ പേരിൽ മതസ്പർദ വളർത്തുന്നതരം വാർത്തകൾ പടച്ചുവിടുന്നത് പലപ്പോഴും പരാതികൾക്കും പ്രശ്നങ്ങൾക്കും കാരണമായിട്ടുണ്ട്. പണം നൽകിയില്ലെങ്കിൽ വാർത്ത നല്കുമെന്ന് പറഞ്ഞു ജനപ്രതിനിധികളെ ഉൾപ്പെടെ ഭീക്ഷണിപ്പെടുത്തിയതായ പരാതികളും ഉണ്ടായിട്ടുണ്ട്.
കേരളത്തിൽ പി ആർ ഡി നിശ്ചയിച്ചിട്ടുള്ള മിനിമം വായനക്കാരുള്ള എല്ലാ ഓൺലൈൻ മാധ്യമങൾക്കും സംസ്ഥാന സർക്കാർ പി.ആർ.ഡിയുടെ മീഡിയ ലിസ്റ്റ് വഴി അംഗീകാരം നല്കിയിട്ടുണ്ട്. നാനൂറിലേറെ ഓൺലൈൻ മാധ്യമങ്ങൾ ഇതിനായി പി ആർഡിയിൽ അപേക്ഷ നൽകിയെങ്കിലും പരിശോധനയിൽ മിനിമം വായനക്കാരുടെ സർക്കാർ നിർദേശിച്ച പ്രകാരമുള്ള മിനിമം യൂണിക് വിസിറ്റേഴ്സ് ഉള്ളത് 28 മീഡിയകൾക്കു മാത്രമായിരുന്നു. എന്നാൽ അത്തരത്തിൽ വായനക്കാരോ അംഗീകാരമോ പോലുമില്ലാത്ത മീഡിയകളാണ് ലക്ഷങ്ങൾ വായനക്കാർ ഉണ്ടെന്ന് തെറ്റിദ്ധരിപ്പിച്ചു ബ്ലാക് മെയിലിങ്ങും പണപ്പിരിവുമായി പൊതുസമൂഹത്തെ കബളിപ്പിക്കുന്നത് എന്നതാണ് പരാതിക്ക് കാരണം.