തെലങ്കാനയിൽ സംഗറെഡ്ഡി, മേദക് ജില്ലകളിൽ പക്ഷിപ്പനി പടരുന്നതായി റിപ്പോർട്ട് . രണ്ട് ജില്ലകളിലായി ഏകദേശം 8000 കോഴികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ സംഗറെഡ്ഡിയിൽ 7,000 കോഴികളും മേദക്കിൽ 1000 കോഴികളുമാണ് രോഗം ബാധിച്ച് ചത്തത്. ഫെബ്രുവരിയിൽ മേദകിലെ ചൗത്കൂർ മണ്ഡലത്തിലെ കോഴി ഫാമിൽ വൈറസ് ബാധിച്ച് 23,900 കോഴികളാണ് ചത്തത്. അതേസമയം, മേദകിലെ ജലാൽപൂർ പ്രദേശത്തെ ഫാമിൽ രണ്ട് ദിവസത്തിനുള്ളിൽ 1,000 കോഴികൾ ചത്തു. ഫെബ്രുവരി 23 നാണ്, തെലങ്കാനയിലെ നെലപട്‌ല ഗ്രാമത്തിൽ ആദ്യത്തെ പക്ഷിപ്പനി കേസ് റിപ്പോർട്ട് ചെയ്തത്. അയൽ സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഇതേതുടർന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ വി. കൃഷ്ണയും സംഘവും കോഴിഫാം സന്ദർശിച്ച് വ്യാപനം തടയുന്നതിനുള്ള ശുചിത്വ നടപടികൾ നടപ്പാക്കി. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള അഞ്ച് കോഴി ഫാമുകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനയ്ക്കായി അയക്കുമെന്നും നെലപട്‌ലയിൽ പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ കോഴി ഫാമുകളും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.