സംസ്ഥാനത് ചൂട് കൂടിയതോടെ രോഗങ്ങളും കൂടി. വിവിധ അസുഖങ്ങൾക്കായി ചികിത്സ തേടി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കാസർകോട് ജില്ലയിലെ മിക്ക ആശുപത്രികളിലെയും ഒ.പികൾ നിറഞ്ഞു കവിഞ്ഞ സ്ഥിതിയിലാണ്. ചുമയും കഫക്കെട്ടുമായാണ് മിക്കവരും ആശുപത്രികളിലെത്തുന്നത്. കഴിഞ്ഞ മാസം വരെ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും മുണ്ടിനീരുമായിരുന്നു ജനങ്ങളെ വലച്ചത്. ചൂടു കൂടിയപ്പോൾത്തന്നെ ഇതാണ് സ്ഥിതിയെങ്കിൽ വേനൽ കനത്താൽ എന്തായിരിക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ചൂടുകാലത്ത് വ്യാപകമാവുന്ന നേത്രരോഗങ്ങളും മഞ്ഞപ്പിത്തവുമെല്ലാം സ്ഥിതി വഷളാക്കുമോ എന്ന ഭയവും ഉണ്ട്. സർക്കാർ മേഖലയിൽ ഡോക്ടർമാരുടെ ഒഴിവും ജീവനക്കാരുടെ കുറവും ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. ആശുപത്രികളിൽ പലതിന്റെയും നവീകരണ പ്രവർത്തനങ്ങൾക്ക് ഫണ്ടില്ലെന്ന കാരണത്താൽ അത് അനിശ്ചിതത്വത്തിലുമാണ്. രോഗപ്രതിരോധ മാർഗങ്ങളെക്കുറിച്ച് ആരോഗ്യവകുപ്പ് പ്രവർത്തകർ ബോധവത്കരണം നടത്തിവരുന്നുണ്ട്.