കോഴിക്കോട് യുവകര്‍ഷകന് കടുമീനിന്റെ കുത്തേറ്റ് ബാക്ടീരിയ ബാധയെ തുടര്‍ന്ന് വലതുകൈപ്പത്തി മുറിച്ചുമാറ്റിയാതായി റിപ്പോര്‍ട്ട്. യുവകര്‍ഷകന്‍ വയലില്‍ ജോലി ചെയ്യുന്നതിനിടെ മീനിന്റെ കുത്തേറ്റുണ്ടായ മുറിവിലൂടെ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുകയായിരുന്നു. ചെളി, ചാണകം തുടങ്ങിയവയില്‍ കാണുന്ന ക്ലോസ്ട്രിഡിയ എന്ന ബാക്ടീരിയയാണു വില്ലനായത്. ഫെബ്രുവരി 9ന് വീടിനടുത്ത വയല്‍ പച്ചക്കറിക്കൃഷിക്കായി ഒരുക്കുന്നതിനിടെയാണ് കടുമീനിന്റെ മുള്ള് വലതുകൈവിരലില്‍ തറച്ചത്. പിറ്റേന്നു പ്രാഥമികാരോഗ്യകേന്ദ്രത്തില്‍നിന്നു കുത്തിവയ്‌പെടുത്തിരുന്നു. വേദന കൂടിയതിനെ തുടര്‍ന്ന് അടുത്തദിവസം യുവാവിനെ മാഹി ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കയ്യില്‍ കുമിളകള്‍ കണ്ടതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മീനിന്റെ കുത്തേറ്റാല്‍ ജീവന് അപകടമാണോ എന്നാണ് പലര്‍ക്കും സംശയം. ഇതിനെ തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ പ്ലാസ്റ്റിക് സര്‍ജന്‍ ഡോ. കെ.എസ്.കൃഷ്ണകുമാര്‍ സംശയത്തിന് മറുപടി നല്‍കുകയും ചെയ്തു. മത്സ്യത്തിന്റെ കുത്തേറ്റതല്ല ഗുരുതര പ്രശ്‌നമായത്. കുത്തേറ്റ മുറിവിലൂടെ ക്ലോസ്ട്രിഡിയ എന്ന ബാക്ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നത് ഗുരുതരാവസ്ഥയ്ക്ക് കാരണമാകാം. ഈ ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചാലുടന്‍ പ്രവര്‍ത്തിച്ചുതുടങ്ങും. നെഞ്ചിന്റെ ഭാഗത്തേക്കു ബാധിച്ചാല്‍ മരണം വരെ സംഭവിക്കും. ബാക്ടീരിയ ബാധിച്ച ഭാഗം മുറിച്ചുമാറ്റുക എന്നതാണ് ജീവന്‍ രക്ഷിക്കാനുള്ള വഴി. ദേഹത്ത് മുറിവുള്ളവര്‍ ചെളിയും അഴുക്കും പറ്റാതെ ശ്രദ്ധിക്കണമെന്നും ഡോക്ടര്‍ വ്യക്തമാക്കി.