മുതിർന്ന പൗരരുടെ ആരോഗ്യ ഇൻഷുറൻസ് പോളിസികൾ പുതുക്കുമ്പോൾ വാർഷികപ്രീമിയത്തിൽ പത്തുശതമാനത്തിലധികം വർധന പാടില്ലെന്ന നിർദേശവുമായി ഇൻഷുറൻസ് നിയന്ത്രണ അതോറിറ്റി. മുതിർന്ന പൗരരുടെ ക്ലെയിമുകൾ കൂടുന്നുവെന്ന പേരിൽ വാർഷിക പ്രീമിയത്തിൽ വലിയ വർധന ഈടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ഐ.ആർ.ഡി.എ.ഐ. രംഗത്തുവന്നിരിക്കുന്നത്. പോളിസി പുതുക്കുമ്പോഴുള്ള വാർഷിക പ്രീമിയത്തിലെ വർധന പത്തുശതമാനത്തിൽ കൂടുതൽ വരുത്തുന്നുണ്ടെങ്കിൽ അതോറിറ്റിയുടെ മുൻകൂർ അനുമതി വേണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. വ്യാഴാഴ്ചമുതൽ ഉത്തരവ് പ്രാബല്യത്തിൽ വരുത്തുകയും ചെയ്തിട്ടുണ്ട്. മുതിർന്ന പൗരർക്കുള്ള ഇൻഷുറൻസ് ഉത്പന്നങ്ങൾ പിൻവലിക്കുന്നതിനും കമ്പനികൾ മുൻകൂർ അനുമതി വാങ്ങണം. അറുപതു വയസ്സിനു മുകളിലുള്ളവർക്കുള്ള ചില ഇൻഷുറൻസ് പദ്ധതികളിൽ കമ്പനികൾ പ്രീമിയത്തിൽ വലിയ വർധന വരുത്തുന്നതായി ഐ.ആർ.ഡി.എ.ഐ.യുടെ നിരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. രോഗങ്ങൾ കൂടുതൽവരാൻ സാധ്യതയുള്ള വിഭാഗത്തിൽ വരുന്നവരാണ് മുതിർന്ന പൗരർ. ഇവരുടെ വരുമാന സ്രോതസ്സുകളും പരിമിതമായിരിക്കും. അതുകൊണ്ടുതന്നെ പ്രീമിയത്തിലെ വർധന ഇവർക്ക് വലിയ ബാധ്യതയാകുന്നുണ്ട്. ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണം.