ജില്ലയിൽ ഷവർമ തയാറാക്കുന്നതിനും ബിരിയാണി, കുഴിമന്തി തുടങ്ങിയവയിൽ കൃത്രിമ നിറം ചേർക്കുന്നത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിപ്പ് നൽകി

ജില്ലയിൽ ഷവർമ തയാറാക്കുന്നതിനും ബിരിയാണി, കുഴിമന്തി തുടങ്ങിയവയിൽ കൃത്രിമ നിറം ചേർക്കുന്നത്തിനും ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്നറിപ്പ് നൽകി. ജില്ലയിൽ കഴിഞ്ഞ ഏപ്രിൽ മുതൽ ഈ ജനുവരി വരെ നടത്തിയ ഹോട്ടൽ ഭക്ഷണത്തിന്റെ സാംപിൾ പരിശോധനയിൽ 10% ഗുണനിലവാരം ഇല്ലാത്തവയാണെന്നു കണ്ടെത്തി. 930 സാംപിളുകൾ പരിശോധിച്ചതിൽ 94 എണ്ണം അപകടകരമായവയാണെന്ന് കണ്ടെത്തി. 49 സാംപിളുകൾ ഗുണനിലവാരം കുറഞ്ഞവയാണെന്നും അധികൃതർ സ്ഥിരീകരിച്ചു. ബിരിയാണി, കുഴിമന്തി തുടങ്ങിയവയിൽ കൃത്രിമ നിറം ചേർക്കുന്നതായും കണ്ടെത്തി. കൃത്രിമ നിറങ്ങൾ അലർജി, ആസ്മ എന്നീ രോഗങ്ങൾക്കു കാരണമാകുമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് ചൂണ്ടിക്കാട്ടി. കൃത്രിമ നിറം ഉപയോഗിച്ചതായി കണ്ടെത്തിയാൽ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും വകുപ്പ് കൂട്ടിച്ചേർത്തു.
പച്ചമുട്ട ഉപയോഗിച്ചുള്ള മയണൈസ് നിർമാണം നിരോധിച്ചതാണെങ്കിലും പലയിടത്തും ഈ രീതി തുടരുന്നതായും പരിശോധനയിൽ കണ്ടെത്തി. സുരക്ഷിതമല്ലാത്ത ഭക്ഷണം ഉൽപാദിപ്പിക്കുകയോ വിൽക്കുകയോ ചെയ്യുന്നതു കണ്ടാൽ ഭക്ഷ്യ സുരക്ഷ വകുപ്പിനെ 18004251125 എന്ന ടോൾ ഫ്രീ നമ്പറിൽ പരാതിപ്പെടാം.